മിലൻ: ഇറ്റലിയിലെ മിലനിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് ലഭിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ വിദ്യാർഥികൾ ഭയപ്പെടേണ്ടെന്നും ആക്രമണങ്ങൾ അമർച്ച ചെയ്യുന്നതിന് ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതായി മിലനിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.

“ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾ ഇന്ത്യൻ കോൺസുലേറ്റിന് ലഭിച്ചിട്ടുണ്ട്. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട ഏറ്റവും ഉന്നതരായ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഇന്ത്യൻ വിദ്യാർഥികൾ ഭയപ്പെടേണ്ടതില്ല”, കോൺസുലേറ്റ് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറഞ്ഞു.

അതേസമയം, ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെയുണ്ടായത് വംശീയ അതിക്രമം ആണോയെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇന്ത്യൻ വിദ്യാർഥികളോട് പരസ്പരം ആശയവിനിമയം നടത്തുവാനും ഒറ്റയ്ക്ക് പുറത്തുപോകരുതെന്നും കോൺസുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമണങ്ങളുണ്ടായ ഇടങ്ങളെ കുറിച്ച് മറ്റ് ഇന്ത്യാക്കാർക്ക് വിവരം നൽകുവാൻ കോൺസുലേറ്റ് അഭ്യർഥിച്ചിട്ടുണ്ട്. പ്രത്യേക ശ്രദ്ധയോടെ വിഷയത്തിൽ ഇടപെടുമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഡൽഹിയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇറ്റലിയിലെ മിലനിൽ ഇന്ത്യൻ വിദ്യാർഥികളെ ബിയർ കുപ്പികൊണ്ട് ആക്രമിച്ചത്. തൊലിയുടെ നിറം പരാമർശിച്ചായിരുന്നു ആക്രമണമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അക്രമികൾ ഇവരോട് സ്വന്തം രാജ്യത്തേക്ക് തിരികെ പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ വിദ്യാർഥികൾ മിലിനിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല. ഒക്ടോബർ 17നായിരുന്നു ബിയർ കുപ്പികൊണ്ടുള്ള ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് ഒക്ടോബർ 29 നായിരുന്നു വീണ്ടും ഇന്ത്യൻ വിദ്യാർഥികൾ ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞ രണ്ട് മാസമായി ഇത്തരം ആക്രമണങ്ങൾ വർധിച്ചുവരുന്നതായാണ് ഇന്ത്യൻ വിദ്യാർഥികൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വിദ്യാർഥികൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് ഈ രണ്ട് മാസത്തിനിടെ മിലനിൽ റജിസ്റ്റർ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ