ഷിക്കാഗോ: ഇന്ത്യൻ വംശജനായ അർഷാദ് വോറ എന്ന പത്തൊമ്പതുകാരൻ യു എസ്സിലെ ഇല്യനോസിലാണ് കവർച്ചക്കാരുടെ വെടിയേറ്റ് മരിച്ചു. ഷിക്കാഗോയിൽ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ അകലെയുളള ഡോലോട്ടോണിലാണ് സംഭവം ഇവിടുത്തെ പെട്രോൾ പമ്പും അതിനോട് ചേർന്ന കടയും ആക്രമിച്ച കവർച്ചക്കാരാണ് അർഷാദ് വോറയെ വെടിവച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
പമ്പിൽ ജോലി ചെയ്യുന്ന ബന്ധുവിന് പകരം വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇദ്ദേഹത്തിന്രെ ബന്ധുവായ അമ്പത്തിയഞ്ചുകാരനും സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്. ഓക് ലാൺ ക്രൈസ്റ്റ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്രെയും നില ഗുരുതരമാണെന്ന് പറയപ്പെടുന്നു.
പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് വെടിവെയ്പ് ഉണ്ടായത്. സംഭവം നടന്ന ഉടനെ തന്നെ കൊളളക്കാർ അവിടെ നിന്നും രക്ഷപ്പെട്ടു. ഇതുവരെ ഈ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് അധികൃതർ പാരിതോഷികം പ്രഖ്യാപിച്ചു.
അടുത്തിടെയായി ഇന്ത്യാക്കാർക്കും ഇന്ത്യൻ വംശജരായ അമേരിക്കക്കാർക്കുമെതിരെ അതിക്രമങ്ങൾ വർധിച്ചുവരുന്നതിനിടെയാണ് ഈ വെടിവെയ്പ് സംഭവം ഉണ്ടാകുന്നത്.
ഓഹിയോയിൽ ഈ മാസം 15ന് കരുുണാകർ കരേംഗലേ എന്നയാൾ മുഖംമൂടി ധരിച്ച കവർച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.
ഈ മാസം ആദ്യമാണ് ഷിക്കാഗോയിൽ ഉന്നതവിദ്യാഭാസം ചെയ്യുന്ന മുപ്പതുകാരനായ ഇന്ത്യൻ യുവാവിന് വെടിയേറ്റത്. അജ്ഞാതനായ അക്രമിയുടെ വെടിവെയ്പിൽ ഗുരുതരമായി പരുക്കേറ്റു.
യു എസ് നേവി ഉദ്യോഗസ്ഥനായിരുന്നയാളിന്രെ വെടിയേറ്റ് ശ്രീനിവാസ് കുചിബോട്ടലാ എന്ന ഇന്ത്യാക്കാരനായ സോഫ്റ്റ് വെയർ എൻജിനിയർ വെടിയേറ്റ് കൊലപ്പെട്ടു. ഫെബ്രുവരിയിൽ കാൻസസിലാണ് സംഭവം.
ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ സിഖ് കാരനായ ഒരാൾക്ക് കെന്റിലേയ്ക്കുളള വഴിയിൽ മുഖം മൂടി ധരിച്ച ഒരാളിൽ നിന്നും വെടിയേറ്റു. മുഖം മൂടിയിട്ട മനുഷ്യൻ വെടിയേറ്റയാളിനോട് സ്വന്തം രാജ്യത്തേയ്ക്ക് പോകാൻ ആവശ്യപ്പെട്ടാണ് വെടിവച്ചത്.
യു എസ്സിൽ 2017 ൽ 58,491അക്രമസംഭവങ്ങളാണ് തോക്ക് ഉപയോഗിച്ച് നടത്തിയത്. ഇതിൽ 14, 763 പേർ കൊല്ലപ്പെടുകയും 29,888 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.