ടൊറന്റോ: പഞ്ചാബിൽ നിന്നും ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ കാനഡയിലേക്ക് പോയ ഇന്ത്യൻ വിദ്യാർത്ഥിയെ ടൊറന്റോയിലെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പഞ്ചാബിലെ നബ്ബ സ്വദേശിയായ വിശാൽ ശർമ്മയെ (21) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷിക്കുകയാണെന്നും മൂന്ന് ദിവസത്തിനുളളിൽ ഇത് സംബന്ധിച്ച വിവരം അറിയിക്കാമെന്നും വിശാലിന്റെ അച്ഛൻ നരേഷിനെ കനേഡിയൻ പൊലീസ് അറിയിച്ചു.
“ആത്മഹത്യ ചെയ്യാനുളള യാതൊരു സാഹചര്യവും അവനുണ്ടായിരുന്നില്ല. ആത്മഹത്യയാണെങ്കിൽ എന്തിനാണ് വീടിന് പുറത്തുപോയി ചെയ്യുന്നത്?” വിശാലിന്റെ അമ്മാവൻ സംശയം ഉന്നയിച്ചു.
നബ്ബയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി വിശാൽ രണ്ട് മാസം മുൻപ് വന്നിരുന്നു. ഇദ്ദേഹം സെപ്റ്റംബറിലാണ് തിരികെ പോയത്. വിശാൽ സന്തോഷവാനായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.
അതേസമയം വിശാലിന്റെ മൃതദേഹം സംസ്കരിക്കാൻ നാട്ടിലേക്ക് കൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെട്ടു. നബ്ബയിൽ നിന്ന് തന്നെയുളള വിദ്യാർത്ഥികളായ ഇന്ത്യക്കാർക്ക് ഒപ്പമാണ് വിശാൽ ടൊറന്റോയിൽ താമസിച്ചിരുന്നത്. എട്ട് ലക്ഷം രൂപ വായ്‌പയെടുത്താണ് സർക്കാർ ഓഫീസിൽ ക്ലർക്കായ നരേഷ് മകനെ കാനഡയിലേക്ക് അയച്ചത്.