ന്യൂഡല്‍ഹി: യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്കു വെടിയേറ്റെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വി. കെ. സിങ്. വിദ്യാര്‍ഥിയെ പാതിവഴിയില്‍ വച്ച് തിരിച്ചുകൊണ്ടുപോയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതെയുള്ള ഒഴിപ്പിക്കലിനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഹാര്‍കീവിലുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചലഗേരി സ്വദേശി നവീന്‍ എസ്. ജിയായിരുന്നു മരിച്ചത്.ഹാര്‍കീവിലുള്ള നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നവീന്‍.
ബുധനാഴ്ച ചന്ദന്‍ ജിന്‍ഡാള്‍ എന്ന വിദ്യാര്‍ഥിയും മരിച്ചിരുന്നു. അസുഖബാധിതനായി ചികിത്സയില്‍ കഴിയവെയായിരുന്നു മരണം സംഭവിച്ചത്. വിന്നിറ്റ്‌സിയ നാഷണൽ പിറോഗോവ് മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യര്‍ഥിയായിരുന്നു ചന്ദന്‍. പഞ്ചാബിലെ ബര്‍ണാല സ്വദേശിയാണ് ചന്ദന്‍.
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ഒന്‍പതാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണം കൂടുതല്‍ ശക്തമായിരിക്കുകയാണ്. സപറോഷിയയിലെ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായതായി വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബ സ്ഥിരീകരിച്ചു. ആണവനിലയത്തില്‍ അപകടമുണ്ടായാല്‍ പ്രത്യാഘാതം ചേര്‍ണോബില്‍ ദുരന്തത്തിന്റെ പത്തിരട്ടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.