ഹൂസ്റ്റൺ: ടെക്സസിൽ തടാകത്തിൽ വീണ് 24 കാരനായ ഇന്ത്യൻ വിദ്യാർഥി മരിച്ചു. ടെക്സസ് എ ആന്റ് എം യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ നിഖിൽ ഭാട്ടിയ ആണ് മരിച്ചത്. നിഖിലും മറ്റൊരു ഇന്ത്യൻ വിദ്യാർഥിനിയായ ശാലിനി സിങ്ങും ടെക്സസിലെ ബ്രയാൻ തടാകത്തിൽ നീന്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഭാട്ടിയ അതിനോടകം മരിച്ചു. ശാലിനിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ജയ്പൂർ സ്വദേശിയാണ് മരിച്ച നിഖിൽ ഭാട്ടിയ. 25 കാരിയായ ശാലിനി സിങ് ഡൽഹി സ്വദേശിനിയാണ്. തടാകത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ഇരുവരും ആഴത്തില്‍ പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളും സുഹൃത്തുക്കളും പറഞ്ഞു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയും ആയിരുന്നു.

നേരത്തെ ഹൂസ്റ്റണിലെ യൂണിവേഴ്സിറ്റിയിൽ അകപ്പെട്ട 200 ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ഹൂസ്റ്റണിൽ താമസക്കാരായുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ