ന്യൂയോർക്: അമേരിക്കയിലെ ദേശീയ സ്പെല്ലിംഗ് ബീ ചാംപ്യൻഷിപ്പ് തുടർച്ചയായ 13ാം തവണയും ഇന്ത്യൻ വംശജ വിജയിച്ചതിന് പിന്നാലെ, സിഎൻഎൻ വാർത്ത അവതാരകയുടെ വംശീയ അധിക്ഷേപം വൻ വിവാദമായി. അലിസൻ ലെയ്ൻ കാമറോട്ടയാണ് ഇത്തവണത്തെ വിജയി അനന്യ വിനയ്ക്ക് നേരെ വംശീയ ചുവയുള്ള പരാമർശം നടത്തിയത്.

ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളെ വിമർശിച്ച് ട്വീറ്റ് ചെയ്ത covfefe എന്ന വാക്ക് ഈയടുത്ത് അമേരിക്കയിൽ വൻ വിവാദമായിരുന്നു. അമേരിക്കയിലെ നിഘണ്ടുവിലില്ലാത്ത വാക്കാണ് ട്രംപ് ഉപയോഗിച്ചതെങ്കിലും ട്വീറ്റ് പിൻവലിക്കാൻ അമേരിക്കൻ പ്രസിഡന്റ് തയ്യാറായില്ല. ഈ വാക്കിന്റെ സ്പെല്ലിംഗ് സിഎൻഎൻ വാർത്ത അവതാരക ചോദിുവെങ്കിലും ഉത്തരം പറയാൻ സ്പെല്ലിംഗ് ബീ മത്സര വിജയി അനന്യ വിനയ്ക്ക് സാധിച്ചില്ല. cofefe എന്നാണ് അനന്യ മറുപടി പറഞ്ഞത്.

“അതൊരു അർത്ഥമില്ലാത്ത വാക്കാണ്. സംസ്‌കൃതത്തിൽ നിന്നാണോ ഈ വാക്ക് ഉണ്ടായതെന്ന് സംശയിക്കുന്നു. അതാണല്ലോ നിങ്ങൾ സാധാരണയായി ഉപയോഗിക്കുന്നത്. അതുകൊണ്ട് നിങ്ങൾ പറഞ്ഞ ഉത്തരം ശരിയാണോ എന്നെനിക്കറിയില്ല” എന്നാണ് സിഎൻഎൻ വാർത്ത അവതാരക പരിഹാസ സ്വരത്തിൽ അനന്യയോട് പറഞ്ഞത്. വംശീയ ചുവയുള്ള ഈ മറുപടി ഇപ്പോൾ വൈറലായി മാറിയതോടെ ട്വിറ്ററിൽ ചാനലിനും അവതാരകയ്ക്കും നേരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.

അമേരിക്കയിലെ ഹാസ്യ അവതാരകരിൽ പ്രമുഖനായ ജെറിമി മക്‌ലെൻ ഇത് ട്വീറ്റ് ചെയ്തതോടെയാണ് വൻ വിമർശനങ്ങൾ ചാനലിനും അവതാരകയ്ക്കും നേരെ ഉയർന്നത്.

ഇതിന് ലഭിച്ച റിട്വീറ്റുകളിൽ അവതാരക അലിസൻ ലെയ്ൻ കാമറോട്ടയുടെ വംശീയ ബോധത്തെയും ചാനലിനെയും നിശിതമായാണ് വിമർശിച്ചിരിക്കുന്നത്.

അനന്യ ഇംഗ്ലീഷ് ആണ് സംസാരിക്കുന്നതെന്നും ഇന്ത്യാക്കാരെല്ലാം സംസ്കൃതമാണ് സംസാരിക്കുന്നതെന്ന തെറ്റിദ്ധാരണയാണ് അവതാരകയ്‌ക്കെന്നും ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഏറെയും ഉയർന്നിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ