ന്യൂഡൽഹി: വെടിവയ്പിൽ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങൾ വികൃതമാക്കിയതിൽ ഇന്ത്യ പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചു. പാക്ക് നടപടി നിന്ദ്യവും മനുഷ്യത്വ രഹിതവുമാണെന്ന് ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലഫ്.ജനറൽ എ.കെ.ഭട്ട് പാക്ക് ഡിജിഎംഒയോട് ഫോണിൽ സംസാരിക്കവേ പറഞ്ഞു. പാക്ക് സൈന്യത്തിലെ ബോർഡർ ആക്ഷൻ ടീം (BAT)ന്റെ നിയന്ത്രണരേഖയിലെ പരിശീലന ക്യാംപ് അംഗീകരിക്കാനാവില്ലെന്നും ഇവിടം ഭീകരരുടെ ഒളിത്താവളമാകുന്നുവെന്നും ഇന്ത്യ ആശങ്ക അറിയിച്ചു.

അതിനിടെ, പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അതിര്‍ത്തിയിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരിച്ചു. പാക്കിസ്ഥാനെതിരെ സ്വീകരിക്കേണ്ട സൈനിക, നയതന്ത്ര നടപടികളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. കശ്മീരിലെത്തിയ കരസേന മേധാവി ബിപിന്‍ റാവത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കരസേനയ്ക്കു നിര്‍ദേശം നല്‍കിയതായാണ് വിവരം.

ഇന്നലെയാണ് അതിർത്തി മറികടന്നെത്തിയ പാക്ക് സൈന്യത്തിലെ ബോർഡർ ആക്ഷൻ ടീം (BAT) പെട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യൻ സൈനികർക്കുനേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ സുബേധാർ പരംജിത് സിങ്, ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗർ എന്നീ സൈനികർ കൊല്ലപ്പെട്ടു. ഇതിനുശേഷം കൊല്ലപ്പെട്ട ജവാൻമാരുടെ തല വെട്ടിമാറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ