ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ നിന്ന് പുറത്തെത്തിച്ച 15 ജീവനക്കാരെ തടവിലാണെന്ന് സൂചന. ഇവരെ നേരത്തെ താമസിപ്പിച്ചിരുന്ന ഹോട്ടലിലേക്ക് മാറ്റുകയായിരുന്നെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാല്‍ എല്ലാവരേയും മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് സംഘത്തിലുള്ള കൊല്ലം സ്വദേശിയായ വിജിത്ത് വി നായര്‍ പറയുന്നു.
നേരത്തെ കപ്പലിന്റെ ചീഫ് ഓഫിസറും മലയാളിയുമായ സനു ജോസഫിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് കപ്പലില്‍ തിരിച്ചെത്തിച്ചു. സനുവിനെ കപ്പലില്‍ തിരികെ എത്തിച്ചതിന് പിന്നാലെയാണ് കപ്പലിലെ 15 ജീവനക്കാരെ മുറിയിലേക്ക് മാറ്റിയത്. മുറിക്ക് പുറത്ത് സെന്യത്തിന്റെ കാവലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സനുവിനെ അറസ്റ്റ് ചെയ്തതിന് ശേഷം നൈജീരിയയുടെ യുദ്ധക്കപ്പലിലേക്ക് കൊണ്ടുപോയെന്നായിരുന്നു വിവരം. ആദ്യം ഗിനിയിലെ നാവികസേന ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകാന്‍ സനു വിസമ്മതിച്ചിരുന്നു. പിന്നീട് ബലപ്രയോഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സനും നാവികസേന ഉദ്യോഗസ്ഥര്‍ക്കൊപ്പം പോയത്.
സനു ഉള്‍പ്പടെയുള്ളവരെ നൈജിരിയയിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലായിരുന്നെന്ന് സനു മനോരമ ന്യൂസിനോട് പ്രതികരിക്കവെ വ്യക്തമാക്കിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റേയും എംബസിയുടേയും ഇടപെടലിനെക്കുറിച്ചും സനും എടുത്ത് പറഞ്ഞിരുന്നു. നാട്ടിലെത്താനുള്ള കാത്തിരിപ്പിലാണ് എല്ലാവരുമെന്നും സനു കൂട്ടിച്ചേര്‍ത്തു.
നിലിവില്‍ ഗിനിയില്‍ നാവികസേന തടവിലാക്കിയിരിക്കുന്നവര് സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. മലയാളികള്‍ ഉള്‍പ്പടെ 26 പേരാണ് സംഘത്തിലുള്ളത്. നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഗിനി നാവികസേനയുടെ നടപടി. കപ്പലടക്കമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിനായിരുന്നു ഗിനിയിലെ നാവികസേനയുടെ അസാധാരണ നടപടിയുണ്ടായത്. നോര്‍വെ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയിര് നിറയ്ക്കാനെത്തിയതായിരുന്നു. ടെര്‍മിനലില്‍ തുടരുന്നതിനിടെയാണ് ഗിനിയന്‍ നേവി കപ്പല്‍ വളയുകയും ജീവനക്കാരെ കസ്റ്റഡിയിലെടുത്തതും.
കുറ്റവാളികളെപ്പോലെയാണ് ആദ്യം ഗിനിയന്‍ നേവി കപ്പല്‍ ജീവനക്കാരോട് പെരുമാറിയത്. ക്രൂഡ് ഓയില്‍ മോഷണത്തിനായി വന്നവരാണെന്നായിരുന്നു നേവിയുടെ സംശയം. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. രണ്ട് ലക്ഷം ഡോളറാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. കപ്പല്‍ കമ്പനി മോചനദ്രവ്യം നല്‍കിയിട്ടും ഇതുവരെ ജീവനക്കാരെ മോചിപ്പിച്ചിട്ടില്ല.
ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലായവരിൽ എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്തുമുണ്ട്. മുളവുകാട് മേത്തശേരി റോബർട്ട് ഡിക്കോത്തിന്റെ മകനാണ് നാൽപ്പത്തി അഞ്ചുകാരനായ മിൽട്ടൺ. നാലുമാസം മുമ്പാണ് മോട്ടോർമാൻ തസ്തികയിൽ മിൽട്ടൺ ഇപ്പോൾ കസ്റ്റഡിയിലായ കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ ശീതൾ. ഒൻപതാം ക്ലാസ് വിദ്യാർത്ഥി ക്ളൈൻ മിൽട്ടന്റെ ഏകമകനാണ്.
തടവിലായ നാവികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബുധനാഴ്ച എറണാകുളത്ത് സായാഹന കൂട്ടായ്മ നടത്തും. മറൈൻ ഡ്രൈവ് പാർക്കിങ് സ്പേസ് സിലിക്കോണിന് സമീപം വൈകീട്ട് 5.30നാണു പരിപാടി. തടവിലാക്കപ്പെട്ട നാവികരുടെ കുടുംബാംഗങ്ങളും എറണാകുളത്തുള്ള മറ്റ് നാവികരും പങ്കെടുക്കും.