കൊച്ചി: ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയില്‍ തടവിലായ കപ്പല്‍ ജീവനക്കാരെ നൈജീരിയയ്ക്കു കൈമാറാന്‍ നീക്കം. രണ്ടു മലയാളികളടക്കം 15 ഇന്ത്യക്കാരെ ലൂബ തുറമുഖത്തെത്തിച്ചു.
നാവികരെ നൈജീരിയയ്ക്ക് ഉടന്‍ കൈമാറില്ലെന്നായിരുന്നു ഇന്നലെ പുറത്തുവന്ന വാര്‍ത്തകള്‍. കൈമാറാന്‍ കൊണ്ടുപോയ നാവികരെ തിരികെ മലാവെ ദ്വീപിലെത്തിച്ചതായും വിവരമുണ്ടായിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിനെത്തുടര്‍ന്നായിരുന്നു ഈ നീക്കം. എന്നാല്‍ തങ്ങളെ നൈജീരിയയ്ക്കു കൈമാറാന്‍ ലൂബാ തുറമുഖത്ത് എത്തിച്ചതായാണു കപ്പലിലെ ജീവനക്കാര്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
നൈജീരിജയന്‍ നാവികസേനയ്ക്കു കൈമാറാനായി ഇന്നുച്ചയോടെയാണു 15 ഇന്ത്യക്കാരെ ലൂബ തുറമുഖത്തെത്തിച്ചത്. നൈജീരിയയില്‍ എത്തിയാല്‍ എന്താകുമെന്ന് അറിയില്ലെന്ന ആശങ്കയാണു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നത്. ഇവരെ ലൂബാ തുറമുഖത്ത് എത്തിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യുദ്ധക്കപ്പലില്‍ കയറാന്‍ തയാറാകാതിരുന്ന നാവികര്‍ കുത്തിയിരിക്കുകയാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. ആശുപത്രിയില്‍ കഴിയുന്ന നാവികര്‍ എത്താതെ കപ്പലില്‍ കയറില്ലെന്നാണു സംഘം പറയുന്നത്.
അതേസമയം, ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നു വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ നൈജീരിയയിലെയും ഗിനിയിലെയും എംബസികളുമായി ചര്‍ച്ച നടത്തിവരികയാണ്. അന്താരാഷ്ട്ര ചട്ടംപാലിച്ചാണ ഇരുരാജ്യങ്ങളും മുന്നോട്ടുപോകുന്നത്. നിയമവഴിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുമ്പോഴുള്ള കാലതാമസം മാത്രമാണു ഇപ്പോഴത്തേത്.
ആശങ്ക വേണ്ട. ബന്ദികളായി കഴിയുന്നവര്‍ സുരക്ഷിതരാണ്. രണ്ടു തവണ ഇന്ത്യന്‍ എംബസി അധികൃതര്‍ സംഘത്തെ കണ്ടതായും മന്ത്രി പറഞ്ഞു.
നൈജീരിയിലെത്തിയാല്‍ നാവികര്‍ നിയമനടപടി നേരിടേണ്ടി വരും. അതിനാല്‍ കടുത്ത ആശങ്കയിലാണു മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികര്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ഉള്‍പ്പെടെ ഗിനിയന്‍ സൈന്യം നേരത്തെ പിടിച്ചുവച്ചിരുന്നു. വീണ്ടും പിടിച്ചുവയ്ക്കുമെന്ന ആശങ്ക അവര്‍ക്കുണ്ട്.
16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 നാവികരെയാണു നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരം ഗിനിയന്‍ നാവികസേന തടവിലാക്കിയത്. ഈ നാവികര്‍ ഉള്‍പ്പെട്ടെ നോര്‍വെ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാണു നൈജീരിയയുടെ ആരോപണം.