scorecardresearch

ബിരിയാണി മണം പരന്നൊഴുകി! അയല്‍വാസികളുടെ പരാതിയില്‍ ബ്രിട്ടനില്‍ ഇന്ത്യന്‍ റസ്റ്റോറന്റിന് പിഴ

റെസ്‌റ്റോറന്റില്‍ നിന്നും പരക്കുന്ന ബിരിയാണിയുടെയും ബജിയുടെയും മണം താങ്ങാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് അയല്‍വാസികളാണ് പരാതി നല്‍കിയത്

ബിരിയാണി മണം പരന്നൊഴുകി! അയല്‍വാസികളുടെ പരാതിയില്‍ ബ്രിട്ടനില്‍ ഇന്ത്യന്‍ റസ്റ്റോറന്റിന് പിഴ
authentic indian chicken biryani with onion raita

ലണ്ടന്‍: ഹോട്ടലുകളില്‍ നിന്ന് പുറത്തേക്ക് പരക്കുന്ന ബിരിയാണി മണം പലപ്പോഴും നമ്മളെ കൊതിപ്പിക്കുന്നതാണ്. എന്നാല്‍ ബ്രിട്ടനിലെ ഒരു റസ്റ്റോറന്റില്‍ നിന്നും പുറത്തേക്ക് ഒഴുകിയ ബിരിയാണിയുടേയും കറിയുടേയും മണം ഇന്ത്യക്കാരായ ഉടമകള്‍ക്കാണ് പൊല്ലാപ്പായി മാറിയത്.

റെസ്‌റ്റോറന്റില്‍ നിന്നും പരക്കുന്ന ബിരിയാണിയുടെയും ബജിയുടെയും മണം താങ്ങാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് അയല്‍വാസികളാണ് പരാതി നല്‍കിയത്. കുഷി ഇന്ത്യന്‍ ബഫെറ്റ് റെസ്‌റ്റോറന്റ് ഉടമകളായ ഷബാനയ്ക്കും മുഹമ്മദ് കുഷിയ്ക്കുമാണ് മിഡില്‍സ്ബര്‍ഗ് കൗണ്‍സില്‍ പിഴയിട്ടത്.

റെസ്‌റ്റോറന്റിലന് മതിയായ ഫില്‍റ്ററിംഗ് സംവിധാനമില്ലെന്നും അതുമൂലം അയല്‍വാസികള്‍ക്ക് അവിടെനിന്നുള്ള ഭക്ഷണത്തിന്റെ മണം അനുഭവിക്കേണ്ടിവരുന്നുവെന്നും കോടതി കണ്ടെത്തി. പഞ്ചാബി വിഭവങ്ങളാണ് ഈ റെസ്‌റ്റോറന്റില്‍ വിളമ്പിയിരുന്നത്.

റസിഡന്റല്‍ ഏരിയയും ബിസിനസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന റെഡ് റോസ് പബിലാണ് ഇന്ത്യന്‍ റെസ്‌റ്റോറന്റും പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെനിന്നും ഇന്ത്യന്‍ മസാല ഭക്ഷണങ്ങളുടെ തീവ്രതയേറിയ മണം തങ്ങളുടെ താമസസ്ഥലത്തേക്ക് എത്തുന്നുവെന്നായിരുന്നു കൗണ്‍സിലില്‍ പ്രദേശവാസികള്‍ പരാതിപ്പെട്ടത്. മണം കാരണം ചിലപ്പോഴൊക്കെ തങ്ങളുടെ വസ്ത്രങ്ങള്‍ പോലും വീണ്ടും വീണ്ടും കഴുകേണ്ടി വരുന്നതായും ഇവര്‍ പരാതിപ്പെട്ടു.

എന്നാല്‍ റസ്റ്റോറന്റിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. റസ്റ്റോറന്റ് ഉടമകള്‍ ചാരിറ്റിയായി ഭക്ഷണം നല്‍കാറുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഭക്ഷണത്തിന്റെ മണം ബുദ്ധിമുട്ട് ഉണ്ടാക്കാറില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ഇരുവരും 280 പൗണ്ട് വീതം പിഴ നല്‍കണമെന്നാണ് കോടതി വിധിച്ചത്. 500 പൗണ്ട് വീതം കോടതി ചെലവിലേക്കും 30 പൗണ്ട് വീതം പരാതിക്കാര്‍ക്കും നല്‍കണം.
എന്നാല്‍ തങ്ങളെ ലക്ഷ്യം വെച്ച് ചിലരാണ് പരാതി നല്‍കിയതെന്ന് ഷബാന വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഇല്ലെന്നത് ഇതിന് തെളിവാണെന്നും ഇവര്‍ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indian restaurant in uk fined over complaints of curry smell