ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ യാത്രക്കാർക്ക് ആശ്വാസകരമായ നടപടികളുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിട്ടു മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ന് (ഒക്ടോബർ 10) മുതൽ പുതിയ സംവിധാനം നിലവിൽ വന്നു. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാർക്ക് ഉറപ്പാക്കാവുന്നതാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ സംവിധാനം രണ്ട് മണിക്കൂറായി പരിഷ്കരിച്ചിരുന്നു.

ഇതിന് പുറമേ, പുതിയ നിർദേശമനുസരിച്ച് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പ് മാത്രമേ രണ്ടാം റിസർവേഷൻ ചാർട്ട് തയാറാക്കുകയുള്ളു. കോവിഡ് ലോക്ക്ഡൗണിന് മുമ്പ് ഈ സംവിധാനം നിലവിലുണ്ടായിരുന്നു. അത് പുനഃസ്ഥാപിക്കുകയാണ് റെയില്‍വേ ഇപ്പോള്‍ ചെയ്തിട്ടുള്ളത്.

Read More: ഇനി മൊറട്ടോറിയം നീട്ടില്ല; ബാങ്ക് ലോണിൽ ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

മാർച്ച് 25 മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് റെയിൽ‌വേ എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും നിർത്തിവച്ചിരുന്നു. എന്നാൽ, മെയ് ഒന്നുമുതൽ കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിൽ എത്തിക്കാൻ സഹായിക്കുന്നതിനായി ശ്രാമിക് സ്പെഷ്യൽ ട്രെയിനുകൾ ആരംഭിച്ച് സർവീസ് വീണ്ടും ആരംഭിച്ചു.

അതേസമയം, കോച്ചുകളുടെയും ജീവനക്കാരുടെയും ലഭ്യതയനുസരിച്ച് എല്ലാ തീവണ്ടി സർവീസും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പുനരാരംഭിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഉത്സവകാലത്തോടനുബന്ധിച്ച് ദക്ഷിണറെയിൽവേ കൂടുതൽ ദീർഘദൂര തീവണ്ടിസർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

വിജയദശമി, മഹാനവമി, ദീപാവലി, ക്രിസ്മസ്, പുതുവത്സരാഘോഷം, പൊങ്കൽ എന്നിവയോടനുബന്ധിച്ച് ഒട്ടേറെപ്പേർ വിവിധയിടങ്ങളിലേക്ക് സഞ്ചരിക്കാൻ സാധ്യതയുള്ളതിനാലാണ് യാത്രാത്തിരക്കിനനുസരിച്ച് കൂടുതൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook