ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് നിർത്തിവച്ച സാധാരണ യാത്രാ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിയതായി റെയിൽവേ അറിയിച്ചു. പുതിയ ഒരു അറിയിപ്പുണ്ടാവുന്നത് വരെ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കി. എന്നാൽ നിലവിലുള്ള 230 പ്രത്യേക ട്രെയിനുകൾ സർവീസിൽ തുടരും.
“നേരത്തെ തീരുമാനിച്ചതും അറിയിച്ചതും പോലെ, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സാധാരണ പാസഞ്ചർ, സബർബൻ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുമെന്ന് ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു,” എന്ന് റെയിൽവേയുടെ പ്രസ്താവനയിൽ പറയുന്നു.
Read More Covid-19 Related News: ന്യൂസീലൻഡിൽ 102 ദിവസത്തിനു ശേഷം സമ്പർക്കത്തിലൂടെ കോവിഡ് രോഗബാധ
നിലവിൽ ഓടുന്ന 230 സ്പെഷ്യൽ ട്രെയിനുകൾ തുടർന്നും സർവീസ് നടത്തും. മഹാരാഷ്ട്ര സർക്കാരിന്റെ ആവശ്യപ്രകാരം പരിമിതമായി മാത്രം മുംബൈയിലെ ലോക്കൽ ട്രെയിനുകൾ പ്രത്യേക സർവീസ് നടത്തുന്നതും തുടരും.
പ്രത്യേക ട്രെയിനുകളിലെ യാത്രാക്കാരുടെ എണ്ണം സ്ഥിരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യാനുസരണം പ്രത്യേക ട്രെയിനുകൾ അധികമായി ഓടിക്കുമെന്നും റെയിൽവേ അറിയിച്ചു. എന്നാൽ ലോക്ക്ഡൗണിന് മുൻപ് സർവീസ് നടത്തിയിരുന്ന സാധാരണ നിലയിലുള്ള ട്രെയിൻ സർവീസ് നിലവിൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും റെയിൽവേ വ്യക്തമാക്കി.
രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനൊപ്പമാണ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. പിന്നീട് മേയ് ആദ്യം ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായുളള ട്രെയിൻ സർവീസുകൾ ആരംഭിച്ചു. മെയ് 12 മുതൽ ടൈംടേബിൾ പ്രകാരമുള്ള 12 ജോഡി പ്രത്യേക ട്രെയിൻ സർവീസുകളും ആരംഭിച്ചു. രാജധാനി ട്രെയിനുകളുടെ റൂട്ടുകളിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്ന് തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളിലേക്കായിരുന്നു ഈ ട്രെയിൻ സർവീസുകൾ.
Read More Covid-19 Related News: റഷ്യയുടെ കോവിഡ് വാക്സിൻ വാദം എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നു?
തുടർന്ന് ജൂൺ ഒന്ന് മുതൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലൂടെയുള്ള റൂട്ടുകളിൽ ഇരു ദിശകളിലേക്കുമായി 200 പ്രത്യേക ട്രെയിൻ സർവീസുകളും റെയിൽവേ ആരംഭിച്ചിരുന്നു. ഈ ട്രെയിനുകളും രാജധാനി റൂട്ടുകളിലെ ട്രെയിനുകളും സർവീസ് തുടരുന്നുണ്ട്.
മുംബൈ നഗരത്തിൽ അവശ്യ സേവനങ്ങൾക്കുള്ള ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും യാത്രക്കായി പ്രത്യേക സബർബൻ ട്രെയിൻ സർവീസുകളും റെയിൽവേ ആരംഭിച്ചിരുന്നു. പ്രാദേശിക ഭരണ അധികൃതർ അംഗീകരിച്ച ജീവനക്കാർക്ക് മാത്രമാണ് ഈ ട്രെയിനുകളിൽ യാത്രാ അനുമതി. ഈ ട്രെയിനുകളും സർവീസ് തുടരുമെന്ന് റെയിൽവേ അറിയിച്ചു.
യാത്രാ ട്രെയിനുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതോടെ ഇന്ത്യൻ റെയിൽവേയ്ക്ക് ഈ സാമ്പത്തിക വർഷം 40,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Read More: Railways suspends all regular passenger services indefinitely