ന്യൂഡല്‍ഹി: വൃത്തിയില്ല എന്ന ആക്ഷേപത്തെ തുടര്‍ എസി കോച്ചുകളില്‍ ബ്ലാങ്കറ്റുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കഴിഞ്ഞദിവസം പാര്‍ലിമെന്റിനു മുമ്പാകെ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ റെയില്‍വേയിലെ ശുചിത്വമില്ലായ്മയെക്കുറിച്ച് വിമര്‍ശനമുണ്ടായിരുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍, ബ്ലാങ്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി എസി കോച്ചുകളിലെ 19 ഡിഗ്രി താപനില 24 ഡിഗ്രിയായി ഉയര്‍ത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. താപനില 24 ഡിഗ്രിയായി ഉയര്‍ത്തുമ്പോള്‍ യാത്രക്കാര്‍ക്ക് ബ്ലാങ്കറ്റുകളുടെ ആവശ്യമുണ്ടാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ മറ്റു ട്രെയിനുകളില്‍ നിലവിലെ സ്ഥിതി തുടരും.

ബ്ലാങ്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കുക വഴി റെയില്‍വേയ്ക്ക് സാമ്പത്തിക നേട്ടം കൂടി കൈവരിക്കാനാകും. 55 രൂപ ചിലവ് വരുന്ന ബ്ലാങ്കറ്റുകള്‍ക്ക് നിലവില്‍ 22 രൂപ മാത്രമാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. റെയില്‍വേ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മാര്‍ഗ രേഖകള്‍ പ്രകാരം രണ്ടുമാസത്തില്‍ ഒരിക്കല്‍ ബ്ലാങ്കറ്റുകള്‍ കഴുകി വൃത്തിയാക്കേണ്ടതാണ്. എന്നാല്‍ ഇതു നടക്കാത്തതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ