ന്യൂഡല്‍ഹി: രാജ്യത്ത് സെപ്റ്റംബര്‍ 12 മുതല്‍ 80 പ്രത്യേക യാത്രാ ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തും. ഈ സര്‍വീസുകളിലേക്കു 10 മുതല്‍ റിസര്‍വേഷന്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് പറഞ്ഞു. പരീക്ഷകള്‍ക്കോ മറ്റു സമാന കാര്യങ്ങള്‍ക്കോ വേണ്ടി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ട്രെയിനുകള്‍ ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പ്രത്യേക 230 ഐആര്‍സിടിസി ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഐആര്‍സിടിസി പ്രത്യേക ട്രെയിനുകളുടെ ആദ്യ കൂട്ടത്തിന്റെ സര്‍വീസ് മേയിലാണ് ആരംഭിച്ചത്. മേയില്‍ 30 എസി ഐആര്‍സിടിസി പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തിയത്. ജൂണില്‍ 200 എണ്ണം കൂടി സര്‍വീസ് ആരംഭിച്ചു. ട്രെയിനുകള്‍ എവിടെയൊക്കെയാണ് ആവശ്യമുള്ളതെന്നും ഏതൊക്കെ റൂട്ടിലാണ് തിരക്കുള്ളതെന്നും റെയില്‍വേ നിരീക്ഷിച്ചുവരികയായിരുന്നു.
Also Read: കൊച്ചി മെട്രോ യാത്രാനിരക്ക് കുറച്ചു
അതേസമയം, സാധാരണ യാത്രാ ട്രെയിനുകളുടെ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ മെട്രോ റെയില്‍ പ്രവര്‍ത്തനം ഘട്ടം ഘട്ടമായി പുനരാരംഭിക്കും. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 22 മുതല്‍ രാജ്യത്തെ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇതാണ് അണ്‍ലോക്ക് നാലിന്റെ ഭാഗമായി മെട്രൊ സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ചരക്ക് ഗതാഗതത്തിനുമുള്ള നിയന്ത്രണവും അണ്‍ലോക്ക് നാലിന്റെ ഭാഗമായി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇത്തരം യാത്രകള്‍ക്ക് പ്രത്യേകം അനുമതികളോ ഇ-പെര്‍മിറ്റോ ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ചട്ടങ്ങളില്‍ പറയുന്നു.