ന്യൂഡൽഹി: വിനോദ സഞ്ചാരികൾക്കായി പുതിയ ട്രെയിൻ സർവീസ് തുടങ്ങിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഭാരത് ദർശൻ സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ വഴി രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര നടത്താം. 11 ദിവസം കൊണ്ട് ഗോവ, ഹൈദരാബാദ്, പുരി, കൊണാർക്ക്, കൊൽക്കത്ത അടക്കമുളള വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം.
മേയ് 20 ന് മധുരയിൽനിന്നാണ് ട്രെയിൻ യാത്ര തുടങ്ങുക. ഗോവ, ഹൈദരാബാദ്, പുരി, കൊൽക്കത്ത വഴി മേയ് 31 ന് മധുരയിൽ ട്രെയിൻ തിരിച്ചെത്തും. കേരളത്തിലൂടെയാണ് ഈ ട്രെയിൻ കടന്നുപോകുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസോർകോട് എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തും. തിരകെ വരുമ്പോൾ പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ യാത്രക്കാർക്ക് ഇറങ്ങാം.
ഒരാൾക്ക് 10,395 രൂപയാണ് ടൂർ പാക്കേജ്. ജിഎസ്ടി അടക്കമുളള നിരക്കാണിത്. സ്ലീപ്പർ ക്ലാസ് യാത്ര, രാത്രി തങ്ങുന്നതിനുളള സൗകര്യം, രാവിലത്തെ ചായ/കാപ്പി, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, രാത്ര ഭക്ഷണം, ദിവസവും 1 ലിറ്റർ കുടിവെളളം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. അതേസമയം, ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കാനെത്തുമ്പോൾ നൽകേണ്ട പ്രവേശന ഫീസ്, ടൂർ ഗെയ്ഡിനു നൽകേണ്ട സർവീസ് ചാർജ് എന്നിവയൊന്നും ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഐആർസിടിസി വെബ്സൈറ്റ് വഴി ഓൺലൈനായി ഭാരത് ദർശൻ സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിനിലേക്കുളള ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, സോണൽ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ എന്നിവ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
IRCTC Vikalp Scheme: ട്രെയിന് ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലാണോ? സഹായത്തിന് വികല്പ് സ്കീം ഉണ്ട്
ഐആർസിടിസി ഭാരത് ദർശൻ സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ യാത്രക്കാർക്കായി നിരവധി ടൂർ പാക്കേജുകൾ പുറത്തിറക്കിയിട്ടുണ്ട്. ഷിർദി സ്പെഷ്യൽ ടൂർ പാക്കേജ് മേയ് 12 നാണ്. 6 ദിവസത്തെ ടൂർ പാക്കേജാണിത്. 5,670 രൂപയാണ് ടൂർ പാക്കേജ്. ദക്ഷിണ ഭാരത് യാത്ര ജൂൺ 16 നാണ് തുടങ്ങുക. ഈ ടൂർ പാക്കേജിൽ കന്യാകുമാരി, കോവളം, മധുര, മല്ലികാർജുൻ, രാമേശ്വരം, തിരുച്ചിറപ്പളളി, തിരുപ്പതി, തിരുവനന്തപുരം എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം. 13 ദിവസം അടങ്ങിയ ടൂർ പാക്കേജിന്റെ ചാർജ് 12,285 രൂപയാണ്. ടൂർ പാക്കേജുകളെക്കുറിച്ച് കൂടുതൽ അറിയാൻ http://www.irctctourism.com വെബ്സൈറ്റ് സന്ദർശിക്കുക.