ന്യൂഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെ ഏപ്രിൽ 15 മുതലുള്ള ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ച് റെയിൽവേയും വിമാന കമ്പനികളും. ലോക്ക്ഡൗണ്‍ കാലാവധി നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ലോക്ക്ഡൗണ്‍ ഏപ്രിൽ 14 ന് അപ്പുറത്തേക്ക് നീട്ടില്ലെന്ന് കേന്ദ്രത്തിൽ നിന്ന് വ്യക്തമായ സൂചന ലഭിക്കുന്നതിനാൽ ബുക്കിങ് ആരംഭിച്ചുവെന്ന് വെസ്റ്റേൺ റെയിൽ‌വേയുടെ അഹമ്മദാബാദ് ഡിവിഷനിലെ പി‌ആർ‌ഒ പ്രദീപ് ശർമ പറഞ്ഞതായി ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.

Read More: ആശങ്കയായി നിസാമുദ്ദീൻ സമ്മേളനം; കേരളത്തിലും ജാഗ്രത

റെയിൽ, വിമാന യാത്ര പുനരാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചില സ്വകാര്യ ഏജന്‍സികളും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

തങ്ങൾ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്ന് അക്ഷർ ട്രാവൽസിലെ മനീഷ് ശർമ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലോക്ക്ഡൗൺ കാരണം തങ്ങളുടെ ഓഫീസ് അടച്ചിരുന്നെന്നും എന്നാൽ ബിസിനസ്, കോർപ്പറേറ്റ് ഗ്രൂപ്പുകളിൽ നിന്നും നിരന്തരമായി തങ്ങൾക്ക് വിളികൾ വരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Read More: സോപ്പുകളിലും സാനിറ്റൈസറുകളിലുമുള്ള ആല്‍ക്കഹോള്‍ വൈറസുകളെ കൊല്ലുന്നതെങ്ങനെ?

ഏപ്രിൽ 15 മുതൽ എയർലൈൻസും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കൾ ബുക്കിങ് ലഭ്യതയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ ഏപ്രിൽ 14 ന് അപ്പുറത്തേക്ക് നീട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്, ഇത് തങ്ങളുടെ ക്ലയന്റുകൾക്ക് വലിയ ആശ്വാസമായെന്ന് അഹമ്മദാബാദിലെ മറ്റൊരു ടൂർ ഓപ്പറേറ്റർ പറയുന്നു.

സ്വകാര്യ വിമാനക്കമ്പനികളായ സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നിവ ഏപ്രിൽ 15 മുതൽ ആഭ്യന്തര യാത്രയ്ക്കായി ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഈ വിഷയത്തിൽ വിമാനക്കമ്പനികളിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ലഭിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook