ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഇന്ത്യന്‍ റെയില്‍വേ. ഒക്ടോബര്‍ രണ്ട് മുതല്‍ നിരോധനം നിലവില്‍ വരും. എല്ലാ മേഖലാ ഓഫീസര്‍മാര്‍ക്കും റെയില്‍വേ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കി. എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കര്‍ശനമായി നിരോധിക്കണമെന്നാണ് റെയില്‍വേയുടെ നിര്‍ദേശം. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിനും റെയില്‍വേ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ നിരോധനം നിലവില്‍ വരും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു.

Read Also: പ്ലാസ്റ്റിക് ‘നാണിച്ച് തല താഴ്ത്തി’; വനിതാ സംരഭക സ്ട്രോ ഉണ്ടാക്കിയത് തെങ്ങോല ഉപയോഗിച്ച്

പ്ലാസ്റ്റിക് നിരോധന നടപടികളെ കുറിച്ച് വിശദമാക്കി റെയിൽവേ എല്ലാ സോണുകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗ് ഉപയോഗം കുറയ്ക്കണമെന്നും റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക്കിന് പകരം പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക് ഇതര ബാഗുകള്‍ ഉപയോഗിക്കണമെന്നും ജീവനക്കാര്‍ക്കും റെയില്‍വെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ രണ്ടുമുതല്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരണമെന്നും റെയില്‍വേ സേവനം ഉപയോഗപ്പെടുത്തുന്നവരെ ഇക്കാര്യത്തില്‍ ബോധവത്കരിക്കണമെന്നും റെയില്‍വെ മന്ത്രാലയം എല്ലാ യൂണിറ്റുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook