ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (​ഐ ആർ സി ടി സി) യുടെ റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ ചട്ടങ്ങൾ നിലവിൽ വന്നു. ഓൺലൈൻ ബുക്കിങ്ങിന് ലഭിക്കുന്ന സമയം, ടിക്കറ്റ് ബുക്ക് ചെയ്യാനുളള കാലാവധി, റീഫണ്ട് എന്നിവയുടെ കാര്യത്തിലാണ് പ്രധാനമായുളള​ മാറ്റങ്ങൾ ഉണ്ടായിട്ടുളളത്.

ഇവയാണ് ഐ​ ആർ സി ടി സിയുടെ ടിക്കറ്റ് ബുക്കിങ്ങിനുളള പുതിയ സംവിധാനങ്ങൾ

1. ട്രെയിൻ പുറപ്പെടുന്ന  തിയതി ഒഴിവാക്കി 120 ദിവസം മുമ്പ് വരെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ആറ് ടിക്കറ്റുകൾ ഒരു ഉപയോക്താവിന് ഒരു യൂസർ ഐഡിയിൽ നിന്നും  ഒരു മാസം ബുക്ക് ചെയ്യാം. ഐ ആർ സി ടി സി ഓൺലൈനിൽ  ആധാർ വെരിഫൈ ചെയ്തിട്ടുളള ഉപയോക്താക്കൾക്ക് മാസം 12 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. രാവിലെ എട്ട് മണിക്കും പത്ത് മണിക്കും ഇടയ്ക്ക് ഒരു യൂസർ ഐഡിയിൽ നിന്നും മാക്സിമം രണ്ട് ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുകയുളളൂ.

2. യാത്രയ്ക്ക് ഒരു ദിവസം മുമ്പ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. എ സി ടിക്കറ്റുകൾ രാവിലെ പത്ത് മണിമുതലും സ്‌ലീപ്പർ ക്ലാസ് ടിക്കറ്റുകൾ രാവിലെ പതിനൊന്ന് മണിമുതലും ബുക്ക് ചെയ്യാൻ സാധിക്കും.

3. ഒരു യുസർ ഐ ഡിയിൽ നിന്നും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയുളള സമയത്ത് രണ്ട് തത്കാൽ ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുയുളളൂ.

4. തത്കാൽ ബുക്കിങ്ങിൽ ഏറ്റവും കൂടിയത് ആറ് ടിക്കറ്റുകൾ മാത്രമാണ് ഒരു സമയം ഒരു യാത്രയ്ക്ക് ബുക്ക് ചെയ്യാൻ സാധിക്കുകയുളളൂ.

5. റിട്ടേൺ ടിക്കറ്റ് അല്ലാതെ ഒരു തത്കാൽ ടിക്കറ്റ് മാത്രമേ ഒരു സെഷനിൽ ബുക്ക് ചെയ്യാൻ സാധിക്കുകയുളളൂ

6.ക്വിക് ബുക്ക് സർവീസ് രാവിലെ എട്ട് മുതൽ ഉച്ചയക്ക് പന്ത്രണ്ട് വരെ ലഭ്യമാകില്ല. ഒരു യൂസർക്ക് ഒരു ലോഗ് ഇൻ സെഷൻ മാത്രമേ ഒരു സമയം ലഭിക്കുകയുളളൂ. കാപ്ചാ ലോഗിൻ ചെയ്യുമ്പോൾ ലഭിക്കും.

7. ടിക്കറ്റ് ബുക്കിങ് ഏജൻസിയുളളവർക്ക് രാവിലെ എട്ട് മുതൽ എട്ടരവരെയും പത്ത് മുതൽ 10.30 വരെയും പതിനൊന്ന് മുതൽ 11.30 വരെയും ടിക്കറ്റ് ബുക്കിങ്ങിന് അനുമതിയുണ്ട്. എന്നാൽ അംഗീകൃത ട്രാവൽ ഏജന്റുമാർക്ക് തത്കാൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്ന സമയത്ത് ആദ്യ അരമണിക്കൂർ നേരം ടിക്കറ്റ് ബുക്കിങ്ങിന് അനുമതിയില്ല. ഈ സമയം യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം ലഭിക്കുന്നതിനാണ്. ഏജന്റുമാർ ഒരേ സമയം നിരവധി ടിക്കറ്റുകൾ ബൂക്ക് ചെയ്യുന്നത് വഴി നേരിട്ട് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണിത്.

8. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് സമയ ക്രമീകരണമുണ്ട്. യാത്രക്കാരുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനുളള സമയം 25 സെക്കൻഡാണ്. യാത്രക്കാരുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിനിടത്തെ കാപ്‌ചയും പേയ്മെന്റ് പേജിലും വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് അഞ്ച് സെക്കൻഡാണ് ലഭിക്കുക.

9. നെറ്റ് ബാങ്കിങ് വഴിയുളള പേയ്മെന്റ് വൺ ടൈം പാസ് വേഡ് ( ഒ ടി പി) വഴി ബാങ്കുകൾ പരിശോധിക്കണം.

യാത്രക്കാർക്ക് റീഫണ്ട് അവകാശപ്പെടാവുന്ന കാര്യങ്ങൾ

1. ഷെഡ്യൂൾ ചെയ്ത സമയത്തിന് മൂന്ന് മണിക്കൂറിനകം ട്രെയിൻ പുറപ്പെട്ടില്ലെങ്കിൽ യാത്ര ക്യാൻസൽ ചെയ്യുമ്പോൾ റീഫണ്ട് ലഭിക്കും.

2. ട്രെയിൻ വഴിമാറി പോകുകയാണെങ്കിൽ യാത്രക്കാർക്ക് അത് വഴി പോകേണ്ടതില്ലെങ്കിൽ ടിക്കറ്റ് ക്യാൻസൽ ചെയ്ത് റീഫണ്ട് വാങ്ങാം

3. ബുക്ക് ചെയ്ത ക്ലാസിനേക്കാൾ താഴ്ന്ന ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നാൽ യാത്ര ചെയ്യാൻ താൽപര്യമില്ലെങ്കിൽ റീഫണ്ട് വാങ്ങാം. താഴ്ന്ന ക്ലാസിൽ യാത്ര ചെയ്താൽ അതിൽ വ്യത്യാസമുളള തുക റീഫണ്ട് ആയി തിരികെ ലഭിക്കും.

ഐ ആർ സി ടി സി ബുക്കിങ് ഓൺലൈൻ  കൂടുതൽ ശക്തിപ്പെടുന്നതിനായി എടുത്ത നടപടികളുടെ ഭാഗമായാണ്  മാറ്റങ്ങൾ. ഈ മാറ്റങ്ങളെ കുറിച്ച്    ലോകസഭയിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹ്‌യിൻ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ