ന്യൂഡല്‍ഹി: പുതിയ സാങ്കേതിക വിദ്യയിലൂടെ ഇന്ധനച്ചെല് കുറച്ചും കോച്ചുകളുടെ എണ്ണം കൂട്ടിയും പ്രതിവര്‍ഷം 1,400 കോടി രൂപ ലാഭമുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. എല്‍എച്ച്ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുകളിലാണു റെയില്‍വേ വിപ്ലവകരമായ മാറ്റം നടത്തിയത്.

പരിസ്ഥിതിസൗഹൃദ നീക്കത്തിന്റെ ഭാഗമായി എന്‍ഡ് ഓണ്‍ ജനറേഷന്‍ (യോഗ്) സാങ്കേതികവിദ്യയ്ക്കുപകരം ഹെഡ് ഓണ്‍ ജനറേഷന്‍ (ഹോഗ്) സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങി. റെയില്‍പ്പാളത്തിനു മുകളിലൂടെയുള്ള ലൈനില്‍നിന്ന് ഈ സാങ്കേതികവിദ്യയിലൂടെ വൈദ്യുതി കോച്ചുകളിലെത്തിച്ച് ഫാനും ലൈറ്റും എസിയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഇതിലൂടെ എല്‍എച്ച്ബി റേക്കുകളില്‍ രണ്ടു പവര്‍ ജനറേഷന്‍ കാറുകള്‍ ഘടിപ്പിക്കുന്നത് ഒഴിവാക്കാനാകും. ഇന്ധനച്ചെലവിനത്തില്‍ റെയില്‍വേയ്ക്കു വലിയ ലാഭമുണ്ടാകും. വായു, ശബ്ദ മലിനീകരണവും കാര്‍ബണ്‍ മാലിന്യവും ഒഴിവാക്കാനാവും.

പുതിയ സാങ്കേതികവിദ്യയില്‍ രണ്ടു പവര്‍ കാറുകള്‍ക്കു പകരം ഒരു നിശബ്ദ ജനറേറ്റര്‍ കാര്‍ ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഇത് ഉപയോഗിക്കാം. രണ്ടാമത്തെ പവര്‍ കാറിനുപകരം ഒരു എല്‍എച്ച്ബി കോച്ച്, ഗാര്‍ഡ്, ഭിന്നശേഷിക്കാരുടെ കംപാര്‍ട്ട്‌മെന്റ് എന്നിവ ഘടിപ്പിക്കും. ഇതിലൂടെ ട്രെയിനുകളുടെ നീളം കൂട്ടാതെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാം.

പുതിയ കോച്ച് വരുന്നതോടെ യാത്രക്കാരുടെ സീറ്റുകള്‍ കൂടും. പാഴ്‌സലുകള്‍ കൂടുതല്‍ കയറ്റി അയയ്ക്കുന്നതിനും സഹായകമാകും. എല്‍എച്ച്ബി കോച്ചുകളില്‍ ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കും കയറാമെന്നതാണു മറ്റൊരു സവിശേഷത. ഇതിനായി എല്‍എച്ച്ബി കോച്ചുകളില്‍ രൂപമാറ്റം നടത്തിയിട്ടുണ്ട്. കോച്ചുകളിലെ ടോയ്ലെറ്റുകള്‍ വീല്‍ചെയറുകള്‍ കടക്കാന്‍ കഴിയുന്ന വിധമാണു സജ്ജമാക്കിയിരിക്കുന്നത്.

IRCTC: ഭാരത് ദര്‍ശന്‍ സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍; രാജ്യത്തെ ആത്മീയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഒരു യാത്ര

പല ട്രെയിനുകളിലും രണ്ടറ്റത്തുമായി ഡീസല്‍ ജനറേറ്ററുളള രണ്ടു പവര്‍ കാറുകളുണ്ട്. കോച്ചുകളില്‍ എസിയും ഫാനും ലൈറ്റും പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഇവയില്‍നിന്നാണ്. ഇതിനുപകരം റെയില്‍പ്പാളത്തിനു മുകളിലൂടെപ്പോകുന്ന വൈദ്യുതി ലൈനില്‍ നിന്നുളള വൈദ്യുതി കോച്ചുകളിലെത്തിച്ച് ഇവ പ്രവര്‍ത്തിപ്പിക്കും. ഇതിലൂടെ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള ഡീസല്‍ ഇനത്തില്‍ കോടിക്കണക്കിനു രൂപ റെയില്‍വേയ്ക്കു ലാഭിക്കാനാവും.

ഈ വര്‍ഷം അവസാനത്തോടെ എല്‍എച്ച്ബി കോച്ചുകളില്‍നിന്നു പൂര്‍ണമായും എച്ച്ഒജി കോച്ചുകളിലേക്കു മാറാന്‍ കഴിയുമെന്നാണു റെയില്‍വേയുടെ പ്രതീക്ഷ. 342 ട്രെയിനുകള്‍ എച്ച്ഒജി സാങ്കേതികവിദ്യയിലേക്കു മാറ്റിയിട്ടുണ്ട്. ഇതിലൂടെ 800 കോടി രൂപയാണു റെയില്‍വേ ലാഭിച്ചത്.

13 രാജധാനി എക്‌സ്പ്രസ്, 14 ശതാബ്ദി എക്‌സ്പ്രസ്, 11 ദുരന്തോ എക്‌സ്പ്രസ്, ആറ് സമ്പര്‍ക് ക്രാന്തി, 16 ഹംസഫര്‍ എക്‌സ്പ്രസ്, 282 മെയില്‍/എക്‌സ്പ്രസ് ട്രെയിനുകള്‍ എന്നിവ പുതിയ സാങ്കേതികവിദ്യയിലേക്കു മാറ്റി. 12 രാജധാനി എക്‌സ്പ്രസ്, എട്ട് ശതാബ്ദി എക്‌സ്പ്രസ്, ആറ് ദുരന്തോ എക്‌സ്പ്രസ്, ഏഴ് സമ്പര്‍ക് ക്രാന്തി, എട്ട് ഹംസഫര്‍ എക്‌സ്പ്രസ്, 243 മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളടക്കം 284 ട്രെയിനുകള്‍ ഉടന്‍ പുതിയ സാങ്കേതികവിദ്യയിലേക്കു മാറ്റിയേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook