ന്യൂഡല്‍ഹി: രാഷ്ട്രപതി- ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഔദ്യോഗിക വിജ്ഞാപനം തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിക്കും. ഇരു സ്ഥാനങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സര്‍ക്കാരും, പ്രതിപക്ഷ പാര്‍ട്ടികളും നീക്കം സജീവമാക്കി. ജൂലൈ 17നാണ് വോട്ടെടുപ്പ്. 20ന് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പാര്‍ട്ടികളുമായും ബിജെപി ചര്‍ച്ച ആരംഭിച്ചു. ഇതിന് മുന്നോടിയായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
പൊതു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് യോഗം ചേരും. പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ ബിജെപി രൂപം നല്‍കിയ മന്ത്രിമാരുടെ സമിതിയും വിവിധ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തും. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൌപതി മര്‍മു, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥി പൊതു സമ്മതനാണെങ്കില്‍ എതിര്‍ സ്ഥനാര്‍ത്ഥിയെ നിര്‍ത്തില്ല. എന്നാല്‍ ബിജെപി ആര്‍എസ്എസ് പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook