ന്യൂ ഡൽഹി: ടെന്നീസ് താരം മരിയ ഷറപ്പോവക്കെതിരെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന കേസുകൾ ചുമത്തി ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് ഷറപ്പോവ ഭാഗമായ കമ്പനിക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണിത്.

ഗുഡ്‌ഗാവിൽ ഫ്ലാറ്റ് കെട്ടിടം നിർമ്മിക്കുന്നതിനാണ് പലരിൽ നിന്നായി ഹോംസ്റ്റ‌ഡ് എന്ന കമ്പനി നിക്ഷേപം സ്വീകരിച്ചത്. മരിയ ഷറപ്പോവ സാക്ഷ്യപ്പെടുത്തിയ കരാർ പത്രം പ്രകാരമാണ് ഇവർ ഹോംസ്റ്റഡിന് പണം നൽകിയത്. 2016 ൽ പൂർത്തിയാകുമെന്ന് പറഞ്ഞ പദ്ധതി പൂർത്തിയാകാതെ വന്നതോടെ നിക്ഷേപകർ ഒന്നടങ്കം കോടതിയെ സമീപിക്കുകയായിരുന്നു.

ഈ ഭവന നിർമ്മാണ പദ്ധതിയുടെ പ്രചാരണാർത്ഥം അഞ്ച് വട്ടം ഗ്രാന്റ്സ്ലാം കിരീടം നേടിയിട്ടുള്ള മരിയ ഷറപ്പോവ ഡൽഹിയിൽ എത്തിയിരുന്നു. നവംബർ 16 നാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ഷറപ്പോവയുടെ സാന്നിദ്ധ്യം കൊണ്ട് മാത്രമാണ് ഇത്രയധികം പേർ പദ്ധതിയിൽ പണം നിക്ഷേപിക്കാൻ കാരണമെന്നാണ് വാദിഭാഗത്തിന്റെ ആരോപണം. ഭാവന അഗർവാൾ എന്ന വ്യക്തി 53 ലക്ഷം രൂപ പദ്ധതിക്കായി ചിലവഴിച്ചെന്ന് അഭിഭാഷകൻ പിയൂഷ് സിംഗ് വ്യക്തമാക്കി.

മൈക്കൽ ഷൂമാക്കറിന്റെ പേരിൽ മൈക്കൽ ഷൂമാക്കർ ടവർ എന്ന മറ്റൊരു ഭവന നിർമ്മാണ പദ്ധതിയും ഈ ഹോംസ്റ്റഡ് മുന്നോട്ട് കൊണ്ടുപോകുന്നതായി അന്വേഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook