ന്യൂഡൽഹി: ഭർത്താവിന്റെ പാസ്‌പോർട്ടിൽ ഇന്ത്യൻ വംശജ, മാഞ്ചസ്റ്റർ സിറ്റി വിമാനത്താവളത്തിൽ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്തു. വൻ സുരക്ഷ വീഴ്ച ന്യൂഡൽഹി വിമാനത്താവളത്തിൽ കണ്ടെത്തിയതോടെ ഇവർ യാത്ര ചെയ്ത എമിറേറ്റ്സ് എയർലൈൻസ് വിവാദക്കുരുക്കിലായി.
ഏപ്രിൽ 23 നാണ് മാഞ്ചസ്റ്ററിൽ അലങ്കാർ ബൂട്ടിഖ് നടത്തുന്ന 55കാരിയായ ഗീത മോധ ഭർത്താവ് ദിലീപിന്റെ പാസ്‌പോർട്ടുമായി യാത്ര ചെയ്തത്. സംഭവം എമിറേറ്റ്സ് വിമാനക്കമ്പനിക്ക് വലിയ തലവേദനയായിട്ടുണ്ട്.
അതേസമയം, വിമാനക്കമ്പനി ജീവനക്കാർക്ക് എതിരെ പൊട്ടിത്തെറിച്ച ഗീത, മാഞ്ചസ്റ്റർ എയർപോർട്ടിൽ വച്ച് തന്റെ ബാഗിൽ 2 കിലോഗ്രാം അധികം സാധനങ്ങളുണ്ടെന്ന് കാട്ടി ഇത് നീക്കം ചെയ്യിപ്പിച്ചുവെന്ന് പറഞ്ഞു. “എന്നിട്ടും അവർക്ക് എന്റെ കൈയ്യിൽ തെറ്റായ പാസ്‌പോർട്ടാണ് ഉളളതെന്ന് കണ്ടെത്താനായില്ലേ? 2018 ൽ ഇങ്ങിനെ സംഭവിക്കുമെന്ന് കരുതുന്നത് ഞെട്ടലാണ്,” ഗീത പറഞ്ഞു.
സംഭവത്തിൽ യാത്രക്കാരിയുടെ രേഖകൾ പരിശോധിക്കുന്നതിൽ കമ്പനി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി എമിറേറ്റ്സ് വിമാനക്കമ്പനി പറഞ്ഞു. യാത്രക്കാരിയോട് ഖേദം രേഖപ്പെടുത്തിയ കമ്പനി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.