ന്യൂയോർക്ക്: അമേരിക്കയിലെ കോർണൽ സർവ്വകലാശാലയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആലാപ് നരാസിപുര(20)എന്ന വിദ്യാർത്ഥിയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇദ്ദേഹത്തെ ബുധനാഴ്ച മുതൽ കാണാതായിരുന്നു.

ഇതാക്ക വെള്ളച്ചാട്ടത്തിന് സമീപത്തെ ഫാൾ ക്രീക് എന്ന സ്ഥലത്താണ് ന്യൂയോർക് പൊലീസിലെ വിവിധ വിഭാഗങ്ങൾ ചേർന്ന് നടത്തിയ തിരച്ചിലിൽ മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.

കോർണൽ സർവ്വകലാശാല പൊലീസ്, ന്യൂയോർക് സ്റ്റേറ്റ് പൊലീസ്, ഇതാക്ക അഗ്നിശമന സേന, ഇതാക്ക പൊലീസ് എന്നിവർ ചേർന്നാണ് ആലാപ് നരാസിപുരയുടെ മൃതദേഹം കണ്ടെത്തിയത്.

മെയ് 17 നാണ് കോർണൽ സർവ്വകലാശാലയിൽ നിന്ന് രാവിലെ ഇയാളെ കാണാതായത്. പിന്നീട് സുഹൃത്തുക്കൾ ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു.

ഈ ഡിസംബറിൽ ബിരുദം നേടി പുറത്തിറങ്ങേണ്ടിയിരുന്ന സീനിയർ വിദ്യാർത്ഥിയായിരുന്നു ആലാപ്. ഇദ്ദേഹത്തിന്റെ മരണത്തിൽ ഇതുവരെയായും യാതൊരു ദുരൂഹതയും കണ്ടെത്താനായിട്ടില്ല. എങ്കിലും കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ