ലണ്ടൻ: ഇന്ത്യൻ വംശജയായ യുവതിയായ ഫാർമസിസ്റ്റ് നോർത്തേൺ ഇംഗ്ലണ്ടിലെ മിഡിൽസ്ബർഗ് ടൗണിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റവാളിക്ക് പിന്നാലെയാണ് തങ്ങളെന്ന് ബ്രിട്ടീഷ് പൊലീസ് അറിയിച്ചു. തിങ്കളാഴ്‌ച രാത്രിയാണ് ലിൻതോർപിന്റെ ഉൾപ്രദേശത്തുളള വസതിയിൽ ജെസീക്ക പട്ടേലിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് അന്വേഷണ സംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് ക്ലീവ് ലാൻഡ് പൊലീസ് അറിയിച്ചു.

ഫൊറൻസിക് ടീം ഉൾപ്പെടുന്ന സ്‌പെഷ്യലിസ്റ്റ് ഓഫിസേഴ്സ് ജെസീക്ക പട്ടേലിന് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് കണ്ടെത്താൻ കഠിനാധ്വാനത്തിലാണെന്ന് ക്ലീവ് ലാൻഡ് പൊലീസ് അവരുടെ പ്രസ്താവനയിൽ അറിയിച്ചു. ഈ സംഭവത്തെ കുറിച്ച് എന്തെങ്കിലും അറിവുളള ആരെങ്കിലുമുണ്ടെങ്കിൽ അവർ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

തിങ്കളാഴ്‌ച വൈകുന്നേരം ഈ പ്രദേശത്ത് ആരെയെങ്കിലും സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടിട്ടുണ്ടെങ്കിൽ ​അക്കാര്യം അറിയിക്കണമെന്നും ആരുടെയെങ്കിലും ഡാഷ് കാം ഫൂട്ടേജുകൾ ഉണ്ടെങ്കിൽ അവ നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

മിഡിൽസ് ബർഗിൽ കെമിസ്റ്റ് ഷോപ്പ് നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട ജെസീക്ക പട്ടേൽ. മാഞ്ചസ്റ്റർ സർവകലാശാലയിൽ പഠിക്കുമ്പോൾ പരിചയപ്പെട്ട മിതേഷ് ആണ് ഭർത്താവ്. അവർ വളരെ സൗഹൃദമുളള ദമ്പതികളായിരുന്നുവെന്നും ഫാർമസി നടത്താൻ ആരംഭിച്ചതുമുതൽ പ്രദേശത്ത് വളരെ പരിചിതരാണെന്നും ദമ്പതികളുടെ അയൽവാസി പറഞ്ഞു.

ദമ്പതികളുടെ വീടിനോട് ചേർന്നാണ് ഫാർമസി പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി അവർ ഫാർമസി നടത്തി വരികയാണ്. നിലവിൽ വസതിയും ഫാർമസിയും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ