ലണ്ടന്‍: ശിശുലൈംഗിക പീഡനത്തിന് ശ്രമിച്ചെന്ന് സമ്മതിച്ച ഇന്ത്യക്കാരന് ബ്രിട്ടനില്‍ 15 മാസം തടവ്. സിറ്റി ബാങ്ക് ബിസിനസ് മാനേജരായ ബാലചന്ദ്രന്‍ കാവുങ്കല്‍പറമ്പത്തിനെയാണ് ബെര്‍മിങ്ഹാം ക്രൗണ്‍ കോടതി ശിക്ഷിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികാവശ്യത്തിന് ദുരുപയോഗം ചെയ്യുന്നവരെ നിരീക്ഷിക്കുന്ന ‘ഇന്റര്‍നെറ്റ് ഇന്റര്‍സെപ്റ്റേഴ്സ്’ എന്ന സംഘമാണ് ബാലചന്ദ്രനെ കുടുക്കിയത്. ഇയാളൊരു പീഡോഫൈല്‍ ആണെന്നു മനസ്സിലാക്കിയ സംഘം ബെര്‍മിങ്ഹാമിലെ ഹോട്ടല്‍മുറിയില്‍ ഇയാളുമായി കൂടിക്കാഴ്ച നിശ്ചയിക്കുകയായിരുന്നു. വാട്സ്ആപ്പ് സംഭാഷണത്തിലൂടെ പരിചയപ്പെട്ട പതിനാലുകാരിയായി സംഘത്തിന്റെ പ്രവര്‍ത്തകയെത്തി. ഇവരെ കാണാനെത്തിയ ബാലചന്ദ്രനെ സംഘം പിടികൂടുകയായിരുന്നു.

പിടിയിലായ ബാലചന്ദ്രന്‍ താന്‍ ഇന്ത്യക്കാരനാണെന്നും സംഭവം പുറത്തറിഞ്ഞാല്‍ ജോലിപോകുമെന്നും ബ്രിട്ടന്‍ വിട്ടുപോകാമെന്നും പറയുന്നതിന്റെ ദൃശ്യങ്ങളും സംഘം പുറത്തുവിട്ടു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയല്ല, ഹോട്ടലിലെത്തിയതെന്നും ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍, ഇയാളുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഇതിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ബാലചന്ദ്രന്‍ തെറ്റുസമ്മതിച്ചെന്ന് ‘ഇന്റര്‍നെറ്റ് ഇന്റര്‍സെപ്റ്റേഴ്സ്’ പറഞ്ഞു. ഇയാളുടെ ബാഗില്‍നിന്ന് ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുത്തെന്നും സംഘം പറഞ്ഞു.

ഭാര്യയും കുട്ടിയുമുള്ള ഇയാളുടെ പേര് ലണ്ടനിലെ ലൈംഗികക്കുറ്റവാളികളുടെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. 10 വര്‍ഷത്തോളം ഈ പട്ടികയില്‍ ഇയാളുടെ പേരുണ്ടാവും. ബാലചന്ദ്രനെ പുറത്താക്കിയതായി സിറ്റിബാങ്ക് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ