പൂനെ: വെറും പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ള ഇന്ത്യൻ വംശജയായ ഒരു പെൺകുട്ടി, സ്റ്റീഫൻ ഹോക്കിങ് എഴുതിയ മനശാസ്ത്ര പരീക്ഷയിൽ, അദ്ദേഹം നേടിയതിനേക്കാൾ കൂടുതൽ മാർക്ക് നേടിയെന്ന് പറഞ്ഞാൽ വിശ്വസിക്കാമോ? സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനും പ്രൊഫസർ സ്റ്റീഫൻ ഹോക്കിങും കുറിച്ച ഐക്യു ടെസ്റ്റിലെ റെക്കോർഡ് മാർക്കാണ് ഇന്ത്യൻ വംശജയായ പെൺകുട്ടി രാജ്‌ഗൗരി പവാർ തിരുത്തിയത്. ബ്രിട്ടിഷ് മെൻസ ഐക്യു പരീക്ഷയിൽ ഐൻസ്റ്റീനും ഹോക്കിംഗ്‌സും കുറിച്ച 160 എന്ന മാർക്കാണ് ഈ മിടുമിടുക്കി പിന്നിട്ടത്. 162 മാർക്കോടെ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് രാജ്‌ഗൗരി പവാർ.

“ലോകത്തിന്റെ നെറുകയിൽ നിൽക്കുന്നത് പോലൊരു അനുഭവമാണ് എനിക്കിപ്പോൾ.  അത് എങ്ങിനെ പറഞ്ഞുതരണമെന്ന് എനിക്കറിയില്ല. ഇന്ത്യയെ വിദേശമണ്ണിൽ പ്രതനിധീകരിച്ച് ഒരു നേട്ടം സ്വന്തമാക്കുകയെന്നത് വലിയ അംഗീകാരമായി കാണുന്നു” രാജ്‌ഗൗരി ഇന്ത്യൻ എക്സ്‌പ്രസിനോട് പ്രതികരിച്ചു.

മാഞ്ചസ്റ്റർ സർവ്വകലാശാലയിൽ റിസർച്ച് സയന്റിസ്റ്റായ ഡോ.സൂരജ്‌കുമാർ പവാറിന്റെ മകളാണ് രാജ്‌ഗൗരി പവാർ. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ ബരമതി എന്ന സ്ഥലമാണ് ഇദ്ദേഹത്തിന്റെ നാട്. “ലോകത്ത് ഇത്രയും ഉയർന്ന ഐക്യു ഉള്ളവർ 20000 ൽ താഴെയാണ്. അതിൽ തന്നെ 1500 പേർ മാത്രമേ കുട്ടികളായുണ്ടാകൂ. എന്റെ മകൾ ഈ പട്ടികയിൽ എല്ലാവരേക്കാളും കൂടുതൽ മാർക്ക് നേടിയെന്നത് ഏറെ അഭിമാനകരമാണ്” സൂരജ്കുമാർ പവാർ പറഞ്ഞു.

“ഈ പരീക്ഷയ്ക്ക് മുൻപ് വളരെയധികം ടെൻഷൻ ഉണ്ടായിരുന്നു”വെന്ന് രാജ്‌ഗൗരി പറഞ്ഞു. “പക്ഷെ നന്നായി ചെയ്യാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.”  പെൺകുട്ടി കൂട്ടിച്ചേർത്തു. “എനിക്ക് ഡോക്ടറാകണമെന്നാണ് ആഗ്രഹം. ഫിസിക്സ്, ബഹിരാകാശം, പരിസ്ഥിതി എന്നിവയെക്കുറിച്ചും കൂടുതൽ അറിയണം” അവൾ പറഞ്ഞു.

” ഞാൻ സെക്കണ്ടറി സ്കൂളിലേക്കുള്ള എൻട്രൻസിന് വേണ്ടി പഠിക്കുന്നുണ്ടായിരുന്നു. ആൽട്രിഞ്ചം ഗേൾസ് ഗ്രാമർ സ്കൂളിൽ എനിക്ക് അഡ്മിഷൻ ലഭിച്ചു. അപ്പോഴാണ് അച്ഛനും അമ്മയും ബ്രിട്ടീഷ് മെൻസ ഐക്യു ടെസ്റ്റിന് പരിശ്രമിക്കാൻ നിർദ്ദേശിച്ചത്. എല്ലാ പ്രായക്കാർ തമ്മിലുമുള്ള ഒരു മത്സരമാണെന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ അതിന് തയ്യാറായി.”

“കടുത്ത മത്സരമായിരുന്നു. തുടക്കത്തിൽ എളുപ്പമായിരുന്നെങ്കിലും പിന്നീടത് എളുപ്പമായി തോന്നി. സമയത്തിന് മത്സരം തീർക്കുകയായിരുന്നു ഏറ്റവും വെല്ലുവിളി. സമയം കൈകാര്യം ചെയ്യുന്നതിനും ശരിയുത്തരം എഴുതുന്നതിനുമാണ് മാർക്ക് വീഴുന്നത്.” ഈ മിടുക്കി പറഞ്ഞു.

മനശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ വ്യക്തികളുടെ ബൗദ്ധിക നിലവാരം അളക്കുന്നതാണ് ബ്രിട്ടീഷ് മെൻസ ഐക്യു ടെസ്റ്റ്. ഇതിൽ നേരത്തേ ആൽബർട് ഐൻസ്റ്റീന്റെയും പ്രൊഫസർ സ്റ്റീഫൻ ഹോക്കിംഗ്‌സിന്റെയും ബൗദ്ധിക നില പരിശോധിച്ചപ്പോൾ 160 മാർക്കാണ് ലഭിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ