ലണ്ടൻ: സ്വവർഗ്ഗനുരാഗിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്‌കറിനെ അയർലന്റിലെ ഭരണകക്ഷിയായ ഫൈൻ ഗെയ്ൽ പാർട്ടി നേതാവായി തീരുമാനിച്ചു. ഇതോടെ അയർലന്റിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വവും ലിയോ വരദ്‌കറിനെ തേടിയെത്തിയേക്കും.

പാർട്ടിയുടെ അദ്ധ്യക്ഷ പദവിയിൽ നിന്ന് ലിന്റ കെന്നി രാജിവച്ചതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ എതിരാളിയായ സൈമൺ കോവിനേയെ പരാജയപ്പെടുത്തിയാണ് ലിയോ പാർട്ടി നേതൃസ്ഥാനത്തെത്തിയത്. മുൻധാരണകൾക്ക് അയർലന്റിൽ പ്രസക്തിയില്ലെന്നാണ് തന്റെ വിജയത്തിലൂടെ തെളിയിക്കപ്പെട്ടതെന്ന് ലിയോ ഡുബ്ലിനിൽ പ്രതികരിച്ചു.

ഭൂരിഭാഗം പാർട്ടി അംഗങ്ങളും കോവിനേയെ ആണ് പിന്തുണച്ചതെങ്കിലും നിയമജ്ഞരുടെയും പ്രാദേശിക പ്രതിനിധികളുടെയും പിന്തുണ ലിയോയ്ക്കായിരുന്നു. അയർലന്റിലെ കൂട്ടുമുന്നണി മന്ത്രിസഭയിൽ ഫൈൻ ഗെയ്ൽ പാർട്ടിയാണ് പ്രധാന കക്ഷി. നിലവിൽ ലിന്റ കെന്നി വഹിക്കുന്ന സ്ഥാനം രണ്ടാഴ്ചക്കുള്ളിൽ ലിയോ ഏറ്റെടുക്കുമെന്നാണ് വിവരം.

പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ അയർലന്റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണവും 38 കാരനായ ലിയോയെ തേടിയെത്തും. പാർലമെന്റിന്റെ അധോ സഭ ജൂൺ 13 ന് ചേരുമ്പോൾ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

2008 ലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഇനിയും മുക്തമാകാത്ത രാജ്യമാണ് അയർലന്റ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി പദത്തിൽ ലിയോയ്ക്ക് വെല്ലുവിളികളും ഏറെയാണ്. യുകെ യുമായി അതിർത്ത പങ്കിടുന്ന ഏക യൂറോപ്യൻ യൂണിയൻ രാജ്യമെന്ന നിലയിൽ ബ്രെക്സിറ്റ് ആഘാതങ്ങളും ലിയോയ്ക്ക് നേരിടാനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ