മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഇന്ത്യക്കാരിയായ ദന്ത ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. ശരീരത്തില്‍ മുറിവുകളോടെ ഒരു സ്യൂട്ട്കേസില്‍ അടച്ചുവെച്ച നിലയിലായിരുന്നു മൃതദേഹം. പ്രീതി റെഡ്ഢിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാറില്‍ നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. സിഡ്നിയിലെ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറ് പരിശോധിച്ചപ്പോഴാണ് അകത്ത് പെട്ടിയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് ന്യൂ സൗത്ത് വൈല്‍സ് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രീതിയുടെ മുന്‍ കാമുകനും ഒരു അപകടത്തില്‍ മരിച്ചിരുന്നു. ഞായറാഴ്ച്ച ജോര്‍ജ് സ്ട്രീറ്റിലെ മക്ഡൊണാള്‍ഡ് ഷോപ്പിന് മുമ്പിലാണ് അവസാനമായി പ്രീതിയെ കണ്ടത്. എന്നാല്‍ ചൊവ്വാഴ്ച്ച കിങ്സ്ഫോര്‍ഡില്‍ പ്രീതിയുടെ കാര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ കത്തി കൊണ്ട് നിരവധി കുത്തുകളേറ്റ പാടുകളുണ്ട്. സിഡ്നിയിലെ സി.ബി.ഡി റോഡില്‍ മുന്‍ കാമുകനൊപ്പമായിരുന്നു പ്രീതി താമസിച്ചിരുന്നത്.
ഞായറാഴ്ച്ച വീട്ടിലേക്ക് വരുമെന്ന് പറഞ്ഞ പ്രീതിയെ കാണാതായപ്പോള്‍ വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രീതിയുടെ ഫോണും മറ്റ് വസ്തുക്കളും പൊലീസിന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.