scorecardresearch
Latest News

വന്‍ വിലക്കുറവ്; റഷ്യയില്‍നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ

അന്താരാഷ്ട്ര വിലയേക്കാള്‍ ബാരലിന് 20-25 ഡോളർ കുറഞ്ഞ നിരക്കിലാണ് റഷ്യയിൽനിന്ന് ഐഒസി ക്രൂഡ് ഓയിൽ വാങ്ങിയതെന്നാണ് വിവരം

IOC, Crude oil, India, Russia

ന്യൂഡല്‍ഹി: വിലക്കിഴവില്‍ റഷ്യ വാഗ്ദാനം ചെയ്ത 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങി രാജ്യത്തെ മുന്‍നിര എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി). അന്താരാഷ്ട്ര വിലയിലേക്കാള്‍ വന്‍ കിഴിവിലാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്തിരുന്നത്.

യുക്രൈനില്‍ ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് പുടിന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ഒരു വ്യാപാരി മുഖേന നടത്തിയ ആദ്യ ഇടപാടാണിത്. അന്താരാഷ്ട്ര വിലയേക്കാള്‍ ബാരലിന് 20-25 ഡോളർ കുറഞ്ഞ നിരക്കിലാണ് യൂറല്‍സ് ക്രൂഡ് ഐഒസി വാങ്ങിയതെന്നാണ് വിവരം. ഇത്രയും ഇന്ധനം മേയിലാണ് ഇന്ത്യയിലെത്തുക.

യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് റഷ്യ ഇന്ത്യയ്ക്കും മറ്റ് വലിയ ഇറക്കുമതിക്കാര്‍ക്കും കുറഞ്ഞ വിലയില്‍ എണ്ണയും മറ്റ് ചരക്കുകളും വാഗ്ദാനം ചെയ്തത്. ഷിപ്പിങ്ങും ഇന്‍ഷുറന്‍സും ക്രമീകരിക്കുന്നതില്‍ ഉപരോധം സൃഷ്ടിക്കാവുന്ന സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന് വില്‍പ്പനക്കാരന്‍ ഇന്ധനം ഇന്ത്യന്‍ തീരത്ത് എത്തിച്ചുനല്‍കണമെന്ന പരിഷ്‌കരിച്ച നിബന്ധനകള്‍ പ്രകാരമാണ് ഐഒസി ഇടപാടിലേര്‍പ്പെട്ടത്.

വിവാദ ആണവ പദ്ധതിയുടെ പേരില്‍ ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിലെന്ന പോലെ റഷ്യയുമായുള്ള എണ്ണ, ഊര്‍ജ വ്യാപാരത്തിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിനര്‍ത്ഥം റഷ്യയില്‍നിന്നുള്ള ഏതൊരു വാങ്ങലും തീര്‍പ്പാക്കാന്‍ അന്താരാഷ്ട്ര പേയ്മെന്റ് സംവിധാനങ്ങള്‍ ലഭ്യമാണെന്നാണ് വൃത്തങ്ങള്‍ പറഞ്ഞു.

Also Read: ക്രൂഡ് ഓയില്‍ വിലയിടിവിനു കാരണമെന്ത്, ഇന്ത്യയില്‍ എങ്ങനെ പ്രതിഫലിക്കും?

വിലക്കുറവില്‍ റഷ്യയില്‍നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് അമേരിക്കന്‍ ഉപരോധത്തിന്റെ ലംഘനമാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. എങ്കിലും ഈ സമയത്ത് ചരിത്ര പുസ്തകങ്ങള്‍ എഴുതപ്പെടുമ്പോള്‍ എവിടെ നില്‍ക്കണമെന്ന് നാം ചിന്തിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എണ്ണ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യവര്‍ധിച്ചിരുന്ന ഇന്ധനച്ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുറഞ്ഞ നിരക്കില്‍ വാങ്ങാനുള്ള നീക്കം നടത്തിയത്. കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ സംഭരിക്കുന്നതിനു സര്‍ക്കാര്‍ റഷ്യയുമായി ചര്‍ച്ച നടത്തിവരികയാണെന്നു കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു.”ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എത്ര എണ്ണ ലഭിക്കും എന്നതുപോലുള്ള നിരവധി വിഷയങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്,” എന്നാണ് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്.

സൗദി അറേബ്യ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായ റഷ്യയെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളും വളരെയധികം ആശ്രയിക്കുന്നുണ്ട്. ആവശ്യമായ എണ്ണയുടെ 1.3 ശതമാനം മാത്രമാണ് ഇന്ത്യ റഷ്യയില്‍നിന്ന് വാങ്ങുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indian oil corporation buys russian crude at deep discount