ന്യൂഡൽഹി: ഏദന്‍ കടലിടുക്കില്‍ വെച്ച് ഇന്ത്യയുടെ ചരക്കുകപ്പല്‍ റാഞ്ചാനുളള ശ്രമം നാവികസേന തകര്‍ത്തു. വെളളിയാഴ്ച്ച ഉച്ചയോടെ എംവി ജാഗ് അമര്‍ കപ്പല്‍ കടല്‍കൊളളക്കാര്‍ ആക്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ഓടെയാണ് ആക്രമണം നടന്നതെന്ന് നാവികസേനാ വക്താവ് ഡികെ ശര്‍മ്മ പറഞ്ഞു.
കടല്‍ കൊളളക്കാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് കപ്പലിലെ ജീവനക്കാർ സഹായം അഭ്യർത്ഥിച്ച് ഇന്ത്യൻ നാവിക സേനയ്ക്ക് സന്ദേശം അയക്കുകയായിരുന്നു. അപകട സന്ദേശം ലഭിച്ചയുടൻ പ്രദേശത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന നാവിക സേനയുടെ ഐ.എൻ.എസ് ത്രിശൂൽ സ്ഥലത്തേക്ക് കുതിച്ചെത്തുകയും കൊള്ളക്കാരെ തുരത്തുകയുമായിരുന്നു. ഉടന്‍ തന്നെ നാവികസേന എംവി ജാഗറിലേക്ക് കയറിപ്പറ്റി.
കപ്പലില്‍ നിന്നും ഒരു എകെ 47 തോക്കും 27 തിരകളും ഒരു മാസികയും കണ്ടെത്തി. കടല്‍കൊളളക്കാരാണെന്ന് സംശയിക്കുന്ന 12 പേരെ പിടികൂടിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കായുളള തിരച്ചിലിലാണ് സേന. സൗദി അറേബ്യയിലെ ജുബൈലിലേക്ക് തിരിച്ച ചരക്കുകപ്പലാണ് എംവി ജാഗ് അമര്‍.