മുംബൈ: ഇന്ത്യൻ നാവികസേനയുടെ ആക്രമണ വീര്യം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച അന്തർവാഹിനി “കരഞ്ച്” നീറ്റിലിറക്കി. പ്രൊജക്ട് 75 ന്റെ ഭാഗമായി ഫ്രഞ്ച് സഹകരണത്തോടെ നിർമ്മിച്ച അന്തർവാഹിനി കപ്പലാണ് ഇത്. പരീക്ഷണ യാത്രയ്ക്കായാണ് കപ്പൽ നീറ്റിലിറക്കിയത്.

മുംബൈയിൽ നടന്ന ചടങ്ങിൽ നാവികസേന മേധാവി സുനിൽ ലാംബയുടെ ഭാര്യ റീന ലാംബയാണ് കപ്പൽ നീറ്റിലിറക്കിയത്. ഫ്രഞ്ച് സഹകരണത്തോടെ നിർമിച്ച മൂന്നാമത്തെ സ്കോർപിൻ ക്ലാസ് അന്തർവാഹിനിയും ഇതേ ഡോക്കിൽ നിർമ്മിച്ച ആറാമത്തെ മുങ്ങിക്കപ്പലുമാണ് ഐഎൻഎസ് കരഞ്ച്. മുംബൈയിലെ മസഗോണ്‍ ഡോക് യാർഡിൽ നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഒരു വർഷം സമുദ്രത്തിൽ പരീക്ഷണ പ്രവർത്തനത്തിലാവും ഈ കപ്പൽ. അതിന് ശേഷമാകും സബ്‌മറൈൻ കമ്മിഷൻ ചെയ്യുക. 1969 സെപ്റ്റംബർ നാലിന് കമ്മിഷൻ ചെയ്ത മുൻ കരഞ്ച്, 2003 ഓഗസ്റ്റിൽ ഡീകമ്മിഷൻ ചെയ്തിരുന്നു. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിലടക്കം പങ്കാളിയായ ഈ കരഞ്ച് 34 വർഷം സൈനിക സേവനം നടത്തി.

1565 ടണ്‍ ഭാരമുള്ള ഈ അന്തർവാഹിനി ഐഎൻഎസ് കൽവാരി, ഐഎൻഎസ് ഖണ്ഡേരി എന്നിവയുടെ തുടർച്ചയാണ്. ഐഎൻഎസ് കൽവാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കമ്മിഷൻ ചെയ്തത്. ആറ് മുങ്ങിക്കപ്പലുകളിൽ മൂന്നാമത്തേതാണ് കരഞ്ച്. ഐഎൻഎസ് ഖണ്ഡേരിയാണ് ഇതിന് മുൻപ് നീറ്റിലിറക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook