ഭുവനേശ്വര്‍: ഇന്ത്യന്‍ നാവികസേനയുടെ ആദ്യ ബാച്ച് അഗ്നിവീറുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. 273 വനിതകള്‍ ഉള്‍പ്പടെ 2,585 അഗ്നിവീറുകളുടെ പാസിങ് ഔട്ട് പരേഡാണ് ഒഡീഷയിലെ ചില്‍കയില്‍ ഇന്നലെ നടന്നത്.
പാസിങ് ഔട്ട് പരേഡുകൾ സാധാരണയായി രാവിലെയാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ സായുധസേനയില്‍ ഇത് ആദ്യമായാണ് രാത്രിയില്‍ പാസിങ് ഔട്ട് പരേഡ് നടത്തുന്നത്. 16 ആഴ്ചകള്‍ നീണ്ടു നിന്ന പരിശീലനത്തിന്റെ പരിസമാപ്തിയായിരുന്നു ഇന്നലെ.
വനിതാ നാവികരുടെ ആദ്യ ബാച്ച് പാസായത് ഇന്ത്യൻ നാവികസേനയ്ക്ക് ചരിത്രപരമായ നേട്ടമാണെന്ന് പാസിങ് ഔട്ട് പരേഡ് നിരീക്ഷിച്ച നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ പറഞ്ഞു.
“നമ്മുടെ പെണ്‍കുട്ടികളുടെ ശക്തി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണിത്. രാജ്യത്തെ മുഴുവൻ യുവതികൾക്കും ഇത് പ്രചോദനം നൽകും,” നാവികസേനാ മേധാവി പറഞ്ഞു.
നാവികരോട് അവരുടെ കഴിവുകളും അറിവും വികസിപ്പിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. രാഷ്ട്രനിർമ്മാണത്തിനായി ഇന്ത്യൻ നാവികസേനയുടെ അടിസ്ഥാന മൂല്യങ്ങളായ കടമ, ബഹുമാനം, ധൈര്യം എന്നിവ ഉയർത്തിപ്പിടിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
അഗ്നിവീറുകളുടെ ആദ്യ ബാച്ച് ഇനി വരാനിരിക്കുന്നവര്‍ക്ക് വഴികാട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാവിക സേനയില്‍ ചേര്‍ന്നുകൊണ്ട് എങ്ങനെ രാജ്യത്തിന് സുരക്ഷ നല്‍കാമെന്ന് വരാനിരിക്കുന്ന അഗ്നിവീറുകള്‍ക്ക് ഉദാഹരണമാകാന്‍ ഈ ബാച്ചിന് കഴിയും. സായുധസേനയില്‍ ചേരാതെ രാഷ്ട്ര നിര്‍മ്മാണത്തിന് എങ്ങനെ സംഭാവന നല്‍കാമെന്നും ഇവര്‍ തെളിയിക്കും, ഹരി കുമാര്‍ വ്യക്തമാക്കി.
2022 ജൂണ്‍ 14-നാണ് അഗ്നിപഥ് സ്കീം നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത്. പിന്നാലെ ഇന്ത്യന്‍ നാവിക സേന രാജ്യവ്യാപകമായി റിക്രൂട്ട്മെന്റ് നടത്തുകയായിരുന്നു.