ഛണ്ഡീഗഡ്: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിക്കെതിരെ പരാതിയുമായി കോൺഗ്രസ്സും അകാലിദളും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പ്രവാസികളായ പഞ്ചാബികൾ കൂട്ടത്തോടെ തിരഞ്ഞെടുപ്പിന് നാട്ടിലെത്തുന്നതിനെ തുടർന്നാണ് ഇരു കൂട്ടരും പരാതികളുമായി മുന്നോട്ട് വന്നത്.

സമൂഹമാധ്യമങ്ങളിൽ പ്രവാസികൾ തിരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറായിരത്തിലധികം പേർ പഞ്ചാബിലേക്ക് തിരികെയെത്തുകയും ചെയ്തു. അമൃത്സറിലും ഡൽഹിയിലുമായി നൂറിലധികം പേരാണ് ദിവസേന വിമാനമിറങ്ങുന്നത്. ഇവരെല്ലാം ആം ആദ്മി പാർട്ടി അനുകൂല തീവ്രനിലപാടുകാരാണെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്നങ്ങളുണ്ടാക്കാനാണ് ഇവർ വരുന്നതെന്നുമാണ് അകാലിദളും കോൺഗ്രസ്സും ആരോപിക്കുന്നത്. എന്നാൽ പഞ്ചാബിൽ ഭരണമാറ്റം ആഗ്രഹിച്ചാണ് ജോലിയിൽ നിന്ന് അവധിയെടുത്ത് എല്ലാ പ്രവാസികളും നാട്ടിലേക്ക് വരുന്നതെന്ന് അരവിദ് കേജ്‌രിവാൾ പറഞ്ഞു. ഇതിൽ ആംആദ്മി പാർട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാപ്റ്റൻ അമരീന്ദർ സിങ്ങാണ് കോൺഗ്രസ്സിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഇത് കമ്മിഷൻ പരിഗണിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ