ന്യൂഡൽഹി: സമാനചിന്താഗതിക്കാരായ രാഷ്ട്രീയ പാർട്ടികളെ ഒപ്പം നിർത്തി 2019 ൽ ബിജെപിക്കെതിരെ വിശാലസഖ്യം രൂപീകരിക്കുമെന്ന് കോൺഗ്രസ്. എഐസിസി പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ഈ നിർദേശമുളളത്. മുതിര്‍ന്ന നേതാവും ലോക്‌സഭയിലെ കക്ഷിനേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെയാണ് രാഷ്ട്രീയ പ്രമേയം പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ചത്.

തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കരുതെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നുമുള്ള ആവശ്യവും പ്രമേയത്തിലുണ്ട്. ആദ്യമായാണ് കോൺഗ്രസ് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ടെത്തുന്നത്. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തണമെന്ന നിർദേശം പ്രമേയം തളളി.

ബിജെപിയെയും ആർഎസ്എസിനെയും പ്രമേയത്തിൽ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്ത പ്രസ്ഥാനങ്ങളാണ് ആര്‍എസ്എസും ബിജെപിയും. എന്നാല്‍ ചരിത്രത്തെ വളച്ചൊടിക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസും ബിജെപിയും മൗലിക അവകാശങ്ങൾ ഹനിക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

രാഹുൽ ഗാന്ധി പതാക ഉയർത്തിയതോടെയാണ് പ്ലീനറി സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തിൽ കോൺഗ്രസിന്റെ മാർഗരേഖ അവതരിപ്പിക്കും. രാഹുൽ അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷമുളള ആദ്യ പ്ലീനറി സമ്മേളനമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ