scorecardresearch

ദുബായ് അപകടത്തില്‍ മരിച്ച ഇന്ത്യന്‍ മോഡലിന്റെ മൃതദേഹം സംസ്കരിച്ചു; കരച്ചിലടക്കാനാവാതെ മാതാപിതാക്കള്‍

മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ കഴിയാത്തത്രയും പരുക്ക് റോഷ്നിക്ക് ഉണ്ടായിരുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍

Dubai accident, ദുബായ് ബസപകടം, indian model, ഇന്ത്യന്‍ മോഡല്‍, Roshni moolchandni, Dubai, ദുബായ്, Bus Accident, ബസപകടം, Death, മരണ, cremated, ശവസംസ്കാരം,

ദുബായ്: ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച ഇന്ത്യന്‍ മോഡലിന്റെ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച വെകുന്നേരം ദുബായിലെ ജെബല്‍ അലി ഹിന്ദു ശ്മശാനത്തിലാണ് റോഷ്നി മൂല്‍ചന്ദനിയുടെ മൃതദേഹം സംസ്കരിച്ചത്. അപകടത്തിൽ മരിച്ച 17 പേരില്‍ 12 ഇന്ത്യക്കാരില്‍ ഒരാളായിരുന്നു റോഷ്നി. ശനിയാഴ്ച വൈകിട്ട് 7.45ഓടെ ശവസംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.

മോഡലും സോഷ്യൽ മീഡിയയില്‍ ഏറെ ആരാധകരും ഉളള റോഷ്നി മസ്കറ്റില്‍ നിന്നും ദുബായിലേക്കുളള യാത്രയിലാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച റോഷ്നിയുടെ മാതാപിതാക്കളും ബന്ധുക്കളും രാജസ്ഥാനില്‍ നിന്നും ദുബായിലെത്തി. ദുബായിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന റോഷ്നി തന്റെ ചിത്രങ്ങള്‍ മരണത്തിന് തൊട്ടു മുമ്പ് സഹോദരന് അയച്ച് കൊടുത്തിരുന്നു.

ബന്ധുവായ വിക്രം ഠാക്കൂറും റോഷ്നിക്കൊപ്പം ബസില്‍ ഉണ്ടായിരുന്നു. ഇദ്ദേഹവും അപകടത്തില്‍ മരിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിന്റെ ഇടത് ഭാഗത്താണ് ഇരുവരും ഇരുന്നത്. മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ കഴിയാത്തത്രയും പരുക്ക് റോഷ്നിക്ക് ഉണ്ടായിരുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ‘രണ്ട് പേരെയാണ് ആ കുടുംബത്തിന് നഷ്ടമായത്. രണ്ട് പേരും ബസിലെ ഇടത് വശത്തെ സീറ്റുകളിലേക്ക് മാറി ഇരുന്നതായാണ് സുഹൃത്ത് പറഞ്ഞത്. സുഹൃത്ത് വലത് വശത്തായിരുന്നു ഇരുന്നത്. ഇടതുവശം പൂര്‍ണമായും തകര്‍ന്നിരുന്നു. റോഷ്നിയെ തിരിച്ചറിയാന്‍ കഴിയാത്തത്രയും പരുക്ക് ഉണ്ടായിരുന്നു. ശവസംസ്കാര ചടങ്ങുകള്‍ക്കിടെ മാതാപിതാക്കളുടെ കരച്ചില്‍ കണ്ട് നില്‍ക്കാന്‍ കഴിയുമായിരുന്നില്ല,’ സാമൂഹ്യപ്രവര്‍ത്തകർ വ്യക്തമാക്കി.

ധാരാളം ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും റോഷ്നി പങ്കെടുത്തിട്ടുണ്ട്. നിരവധി പേരാണ് അനുശോചനം അറിയിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്. അപകടത്തിൽ മരിച്ച 17 പേരിൽ 12 പേര്‍ ഇന്ത്യക്കാരാണ്. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍(47), തിരുവനന്തപുരം സ്വദേശി ദീപകുമാര്‍(40), കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയന്‍ (35), തലശേരി ചേറ്റംകുന്ന് സ്വദേശി എ.ടി. ഉമ്മര്‍ (65), മകന്‍ നബീല്‍ ഉമ്മര്‍ (21), വാസുദേവന്‍ വിഷ്ണുദാസ്, തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി കിരണ്‍ ജോണി(25), കണ്ണൂര്‍ മൊറാഴ സ്വദേശി രാജന്‍ (49) എന്നിവരാണു മരിച്ച മലയാളികള്‍.

Read More: ദുബായ് അപകടം: മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും

ഒമാനിലെ മസ്‌കറ്റില്‍ നിന്നും വ്യാഴാഴ്ച ദുബായിലേക്ക് വന്ന ബസാണ് യു.എ.ഇ സമയം വൈകുന്നേരം 5.40-ന് ദുബായിലെ റാഷിദിയ മെട്രോ സ്റ്റേഷനു സമീപം അപകടത്തില്‍പെട്ടത്. ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രവേശനമില്ലാത്ത റോഡില്‍ ഹൈറ്റ് ബാരിയറില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ആകെ 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ദുബായില്‍ ബസ് അപകടത്തിൽ മരിച്ച മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ ഇന്ന്​ നാട്ടിൽ സംസ്കരിക്കും. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ്​ മൃതദേഹങ്ങള്‍ നാട്ടിലെത്തിയത്​. എയർ ഇന്ത്യ, എയർ ഇന്ത്യ എക‌്സ‌്‌പ്രസ് വിമാനങ്ങളിലാണ് മൃതദേഹങ്ങൾ എത്തിച്ചത്.

തൃശൂർ തളിക്കുളം സ്വദേശി കൈതക്കൽ അറക്കൽ വീട്ടിൽ ജമാലുദ്ദീന്റെ മൃതദേഹം എയർ ഇന്ത്യ എക‌്സ‌്‌പ്രസ് വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തലശേരി സ്വദേശി ചോണക്കടവത്ത് ഉമ്മർ, മകൻ നബീൽ എന്നിവരുടെ മൃതദേഹം കോഴിക്കോട്ടേക്കാണ് കൊണ്ടു വന്നത്. ഉമറിന്റെ ഇളയ സഹോദരൻ ഷാർജയിൽ ജോലി ചെയ്യുന്ന ഇസ്ഹാഖ് മൃതദേഹത്തെ അനുഗമിച്ചു.

തൃശൂർ സ്വദേശി കിരണിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ട് ദുബായിൽനിന്ന് കൊണ്ടുപോയി. ഉമ്മർ, നബീൽ, കിരൺ എന്നിവരുടെ മൃതദേഹം ശനിയാഴ്ച രാത്രി കോഴിക്കോട്ടെത്തിച്ചു. രാത്രിയോടെ ദുബായിൽനിന്ന‌് കൊണ്ടുപോയ കോട്ടയം പാമ്പാടി സ്വദേശി വിമൽ കുമാർ കാർത്തികേയൻ, തിരുവനന്തപുരം സ്വദേശി ദീപ കുമാർ എന്നിവരുടെ മൃതദേഹം ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരത്തെത്തിച്ചു. കണ്ണൂർ മൊറാഴ സ്വദേശി പുതിയപുരയിൽ രാജന്റെ മൃതദേഹം ഞായറാഴ്ച പകൽ നാട്ടിലെത്തിക്കും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indian model killed in dubai bus crash cremated