Russia-Ukraine Crisis: തിരുവനന്തപുരം: ഉറക്കമില്ലാത്തൊരു രാത്രിയായിരുന്നു യുക്രൈന്റെ തലസ്ഥനമായ കീവിലെ ഇന്ത്യക്കാരായ മെഡിക്കൽ ദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞദിവസത്തേത്. കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാനൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇന്നലെ മുതല്‍ ഹോസ്റ്റലില്‍ ഒരുമിച്ചാണുള്ളത്. റഷ്യന്‍ സൈന്യം കീവ് ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ സൈറണ്‍ മുഴങ്ങിയാലുടന്‍ ബങ്കറിലേക്കു കുതിക്കാന്‍ ഉറക്കംവെടിഞ്ഞ് കാതുകൂര്‍പ്പിച്ചിരിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍.
സര്‍വകലാശാലയ്ക്കു സമീപത്തെ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഹോസ്റ്റലിലേക്കു മാറിയെന്ന് തിരുവനന്തപപുരം സ്വദേശിയായ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഫഹദ് റഹ്‌മാന്‍ പറഞ്ഞു. ”ഇന്നലെ രാത്രി റഷ്യന്‍ സൈന്യം കീവ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനാല്‍ ഞങ്ങള്‍ ഉറങ്ങിയില്ല. സൈറണ്‍ മുഴങ്ങുന്നതു ശ്രദ്ധിച്ചിരുന്നു,” ഫഹദ് പറഞ്ഞു.
ഇതുവരെ (യുക്രൈയ്ന്‍ സമയം രാവിലെ 9.30) കീവിലെ അവരുടെ പരിസരം ‘സുരക്ഷിതമാണെന്ന് തോന്നുന്നു’വെന്ന് ഫഹദ് പറഞ്ഞു. ”ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ ഏഴു വരെ മേഖലയില്‍ കര്‍ഫ്യൂ ഉണ്ടായിരുന്നു. പുലര്‍ച്ചെ നാലരയോടെ ഒന്നിലധികം സ്‌ഫോടനങ്ങള്‍ കേട്ടു. എന്നാല്‍ അതിനുശേഷം, പൊതുഗതാഗതം ഉള്‍പ്പെടെ സ്ഥിതി സാധാരണഗതിയിലാണെന്നു തോന്നുന്നു. കീവിലെ സൈനിക വ്യോമതാവളം ആക്രമിക്കപ്പെട്ടശേഷം വ്യാഴാഴ്ച ഉച്ചവരെ മൊത്തം കുഴപ്പങ്ങളായിരുന്നു,”ഫഹദ് പറഞ്ഞു.
”അര്‍ധരാത്രിക്കു ശേഷം യുക്രൈനിയന്‍ ടാങ്കുകളും സൈന്യവും റോഡിലൂടെ നീങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ റഷ്യക്കാര്‍ നഗരം ആക്രമിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചില കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ഹോസ്റ്റലില്‍ കനത്ത ആശങ്കയോടെയാണു കഴിച്ചുകൂട്ടിയത്. ഇതുവരെ ഞങ്ങള്‍ സുരക്ഷിതരാണ്. രണ്ട് ദിവസത്തേക്കുള്ള സാധനങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. അതിനുശേഷം എന്ത് സംഭവിക്കുമെന്ന് അറിയില്ല,” ഫഹദ് കൂട്ടിച്ചേര്‍ത്തു.
”യുക്രൈയ്‌നിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്കു മാറാന്‍ തയാറാകാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഷെല്ലാക്രമണം എപ്പോള്‍ വേണമെങ്കിലും നടക്കാമെന്നതിനാല്‍ റോഡ് മാര്‍ഗം എങ്ങനെ യാത്ര ചെയ്യുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്താന്‍ കുറഞ്ഞത് 12 മണിക്കൂറെങ്കിലും എടുക്കും. എല്ലാവരും രേഖകളും അത്യാവശ്യ വസ്തുക്കളും ബാഗുകളില്‍ തയാറായി വച്ചിട്ടുണ്ട്,”ഫഹദ് പറഞ്ഞു.
റഷ്യന്‍ സൈന്യം ആക്രമിച്ച വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കിവില്‍ വ്യാഴാഴ്ച ഉച്ച മുതല്‍ മറ്റൊരു സംഘം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബങ്കറിനുള്ളില്‍ തങ്ങുകയാണ്. ”നഗരത്തില്‍ എവിടെയോ അടിക്കടി ഷെല്ലാക്രമണം നടക്കുന്നതു കേള്‍ക്കുന്നുണ്ട്. ഞങ്ങളില്‍ 250 ഓളം പേരെ വ്യാഴാഴ്ച ഉച്ച മുതല്‍ ഭൂഗര്‍ഭ ബങ്കറില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രാവിലെ ഷെല്ലാക്രമണം ഇല്ലാതായതോടെ ഞങ്ങള്‍ ഹോസ്റ്റല്‍ മുറികളിലേക്കു മടങ്ങി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ബങ്കറിലേക്കു മടങ്ങാന്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരിക്കുകയാണ്,” വിദ്യാര്‍ഥികളിലൊരാളായ ഐശ്വര്യ ദിലീപ്കുമാര്‍ പറഞ്ഞു.
Also Read: Russia-Ukraine Crisis: യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ വിമാനങ്ങൾ അയക്കും
”വ്യാഴാഴ്ച റഷ്യന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ ഞങ്ങള്‍ താമസിക്കുന്ന നഗരം ആക്രമണത്തിനിരയായിരുന്നു. ബങ്കറുകള്‍ക്കുള്ളില്‍ തന്നെ തുടരാനായിരുന്നു ഞങ്ങള്‍ക്കു ലഭിച്ച നിര്‍ദേശം. ഇപ്പോള്‍ പോലും (യുക്രൈന്‍ സമയം രാവിലെ 10) ഹോസ്റ്റലിനടുത്തെവിടെയോ ഷെല്ലാക്രമണത്തിന്റെ ശബ്ദം കേള്‍ക്കാം. ഒരു വലിയ സ്റ്റോര്‍ പോലുള്ള സൗകര്യമായ ബങ്കറില്‍ ഞങ്ങള്‍ ജീവന്‍ സംരക്ഷിക്കുന്നു,”ഐശ്വര്യ പറഞ്ഞു.
യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍നിന്ന് ഒഴിപ്പിക്കല്‍ നടപടിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിന്റെ ആഘാതം പേറുന്ന ഖാര്‍കിവിലും മറ്റു വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി ഇന്ത്യക്കാര്‍ക്കു പുറത്തുപോകാന്‍ ബുദ്ധിമുട്ടാണെന്ന് ഐശ്വര്യ പറഞ്ഞു. ”ഈ രാജ്യത്തിന്റെ മറുവശത്തേക്കു റോഡിലൂടെ സഞ്ചരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഷെല്ലാക്രമണത്തിനിടയില്‍, ഒരു റോഡ് യാത്രയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല,” ഐശ്വര്യ പറഞ്ഞു.
Also Read: Russia-Ukraine Crisis: ‘നമുക്ക് യുദ്ധം വേണ്ട;’ റഷ്യയ്ക്കെതിരെ ലോകം തെരുവില്‍ പ്രതിഷേധിക്കുന്നു