ന്യൂഡൽഹി: ഭൂഗോളത്തിന്റെ ഓരോ സ്‌പന്ദനവും കണക്കിലാണെന്ന സിനിമ ഡയലോഗ് കേട്ടുവളർന്ന നമ്മുടെ മുന്നിൽ കണക്കിൽ അത്ഭുതം സൃഷ്ടിച്ച പലരുമുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇനി ഒരു പേരു കൂടി നീലകണ്ഠ ഭാനുപ്രകാശ്. ലണ്ടനിലെ മൈൻഡ് സ്പോർട്സ് ഒളിമ്പ്യാഡിലെ (എം.എസ്.ഒ.) മനക്കണക്ക്-ലോക ചാമ്പ്യൻഷിപ്പിൽ കാൽക്കുലേറ്ററിനെക്കാൾ വേഗത്തിൽ കണക്കുകൂട്ടി ലോകചാമ്പ്യനായിരിക്കയാണ് ഇന്ത്യക്കാരൻ നീലകണ്ഠ ഭാനുപ്രകാശ് എന്ന ഭാനു.
തന്റെ 20-ാം വയസിലാണ് ഹൈദരാബാദ് സ്വദേശിയായ ഭാനുപ്രകാശ് ഈ അവിശ്വസനീയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 13 രാജ്യങ്ങളിൽ നിന്നെത്തിയ 57 വയസിൽ താഴെയുള്ള 30 പേരോട് മത്സരിച്ചാണ് ഭാനുവിന്റെ നേട്ടം. ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്നു ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ഭാനും അവിടെ തന്നെ ഓണേഴ്സ് വിദ്യാർഥിയാണ്.
കണക്കിലെ ഈ നേട്ടം ഭാനുവിന് പുത്തരിയല്ല. ഇതിനോടകം നാല് ലോകറെക്കോഡുകളുടെയും 50 ലിംക റെക്കോഡുകളെയും ഉടമയാണ് ഭാനു. കാൽക്കുലേറ്ററുകളേക്കാൾ വേഗത്തിൽ കണക്കുകൂട്ടുന്നതിന്റെ ലോക റെക്കോർഡാണ് അതിലൊന്ന്.
“കാൽക്കുലേറ്ററിനെക്കാൾ വേഗത്തിൽ എന്റെ മസ്തിഷ്കം കണക്കുകൾക്ക് ഉത്തരം നൽകുന്നുണ്ട്. ശകുന്തളാദേവി, സ്കോട്ട് ഫ്ലാൻസ്ബർഗ് തുടങ്ങിയ ഗണിതപ്രതിഭകളുടെ റെക്കോഡുകൾ തകർക്കാൻ കഴിഞ്ഞുവെന്നത് അഭിമാനമാണ്. ഗണിതമേഖലയിൽ ഇന്ത്യയെ ആഗോളതലത്തിൽ പ്രതിഷ്ഠിക്കാൻ ഞാൻ എന്റെ ഭാഗം ചെയ്തു.” വാർത്താ ഏജൻസിയായ എഎൻഐയോട് ഭാനുപ്രകാശ് പറഞ്ഞു.
കണക്കിനോടുള്ള പുതിയ തലമുറയുടെ പേടി മാറ്റാൻ ഗണിതശാസ്ത്ര സ്റ്റാർട്ടപ്പ് തുടങ്ങുകയാണ് ഭാനുവിന്റെ അടുത്ത ലക്ഷ്യം. കണക്കിനെ കുട്ടികൾ ഇത്രമാത്രം പേടിക്കാൻ കാരണം നമ്മുടെ അക്കാദമിക് രീതിയുടെ കുഴപ്പമാണെന്നും ഭാനുപ്രകാശ് അഭിപ്രായപ്പെടുന്നു.