ന്യൂയോർക്ക്: അമേേരിക്കയിലെ മിസിസിപ്പിയിൽ കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച ഇന്ത്യാക്കാരനെ അക്രമി കൊലപ്പെടുത്തി. വീടിന് മുന്നിൽ വച്ചാണ് ഇന്ത്യക്കാരനായ വിദ്യാർത്ഥി സന്ദീപ് സിംഗ് (21) കൊല്ലപ്പെട്ടത്. മോഷ്ടാവിൽ നിന്ന് വെടിയേറ്റ് വീണാണ് മരണം.
നാല് ദിവസം മുൻപ് ഇതേ നഗരത്തിൽ ഇന്ത്യാക്കാരനെ നാല് പേരടങ്ങിയ കവർച്ച സംഘം കൊലപ്പെടുത്തിയിരുന്നു. കവർച്ചക്കാരുടെ ഒരു ശൃംഖലയാണു രണ്ടു സംഭവങ്ങള്‍ക്കു പിന്നിലുമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
മറ്റു രണ്ടു പേർക്കൊപ്പം വീടിനു പുറത്തു നിൽക്കുമ്പോഴാണ് മുഖംമൂടി ധരിച്ച ആയുധധാരിയെത്തി സന്ദീപിൽ നിന്ന് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തത്. തോക്കുചൂണ്ടിയായിരുന്നു മോഷണം. മോഷണ വസ്തുക്കളുമായി പിൻവാങ്ങാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നു.
ന്യൂസീലൻഡിലും കവർച്ച ശ്രമം തടയാൻ ശ്രമിച്ച ഇന്ത്യൻ വംശജൻ അക്രമത്തിന് ഇരയായി. കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ട അജിത് സിംഗ് (58) ഇപ്പോഴും ചികിത്സയിലാണ്. ഹാമിൽട്ടണിലെ ക്ഷീരോൽപ്പന്ന വിപണന കേന്ദ്രത്തിനകത്ത് വച്ചായിരുന്നു ആക്രമണം. മുഖത്തും കൈക്കുമാണ് അജിത് സിംഗിന് കുത്തേറ്റത്. അക്രമം നടക്കുമ്പോൾ കടയിൽ ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു. നാല് പേരടങ്ങിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ.
ഒരു കണ്ണിന്റെ കാഴ്ച ശക്തിയാണ് നഷ്ടപ്പെട്ടത്. കാഴ്ച ശക്തി വീണ്ടെടുക്കാനാകാത്ത വിധം ഇദ്ദേഹത്തിന്റെ കണ്ണ് തകർന്നിട്ടുണ്ട്. സിസിടിവി ക്യാമറയിൽ അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.