ന്യൂഡൽഹി: രാജ്യ തലസ്ഥാനം ആക്രമിക്കാൻ ലക്ഷ്യമിട്ട് എത്തിയ അഫ്‌ഗാനിസ്ഥാനിൽ നിന്നുളള ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ചാവേർ പോരാളിയെ പിടികൂടി. ഇന്റലിജൻസ് വിഭാഗം ഇയാളെ കൃത്യമായി പിന്തുടർന്നതാണ് എളുപ്പത്തിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അറസ്റ്റ് നടന്നത്. എന്നാൽ ഇപ്പോൾ മാത്രമാണ് ഇക്കാര്യം പുറത്തുവിടാൻ ഉന്നത സുരക്ഷ ഉദ്യോഗസ്ഥർ തയ്യാറായത്.

ആക്രമണം നടത്താനുളള സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനായി ഡൽഹിയിൽ താമസിക്കുന്ന സമയത്താണ് ഇയാൾ പിടിയിലായത്. എൻജിനീയറിങ് വിദ്യാർത്ഥിയായി തലസ്ഥാനത്ത് കഴിഞ്ഞ ഇയാൾ അറസ്റ്റിന് പിന്നാലെ ജാമ്യത്തിലിറങ്ങി അഫ്‌ഗാനിലേക്ക് മടങ്ങി. എന്നാൽ ഇവിടെ വച്ച് ഇയാളെ അമേരിക്കൻ സൈന്യം പിടികൂടി.

സ്ഫോടനം നടത്താൻ സ്ഥലം തിരഞ്ഞെടുക്കുന്നതിനായി ഇയാൾ ഡൽഹി വിമാനത്താവളം, ഡൽഹിയിലെ ഷോപ്പിങ് മാളുകൾ, തിരക്കേറിയ ചന്തകൾ എന്നിവിടങ്ങളിൽ പോയിരുന്നു. രാജ്യത്ത് 12 ഇടത്ത് ആക്രമണം നടത്താൻ ഇസ്‌ലാമിക് സ്റ്റേറ്റ് തിരഞ്ഞെടുത്ത ഭീകരരിൽ ഒരാളായിരുന്നു ഇയാൾ.

ഡൽഹി-ഫരീദാബാദ് ഹൈവേയിലുളള എൻജിനീയറിങ് കോളേജിലാണ് ഇയാൾ പ്രവേശനം നേടിയത്. ഹോസ്റ്റലിലായിരുന്നു താമസം എങ്കിലും സമാന്തരമായി മറ്റൊരു ഫ്ലാറ്റും ഇയാൾ വാടകയ്ക്ക് എടുത്തിരുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ കഴിഞ്ഞ വർഷം മെയ് മാസത്തിൽ 23 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് സമാനമായ ആക്രമണമാണ് ഇവർ ഡൽഹിയിലും ആസൂത്രണം ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ