scorecardresearch

സിനിമാക്കഥയെ വെല്ലും! ഭീകരനെ ചതിച്ച് കീഴ്‌പ്പെടുത്തി ഇന്ത്യൻ ഇന്റലിജൻസ്

താലിബാനെയും ഡൽഹി ആക്രമിക്കാൻ വന്ന ഭീകരനെയും ദിവസങ്ങളോളം മണ്ടന്മാരാക്കിയാണ് ഇന്റലിജൻസ് വിഭാഗം തങ്ങളുടെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്. ഒരു വെടിയുണ്ട പോലും അതിന് ചെലവായില്ലെന്നത് മറ്റൊരു പ്രത്യേകത.

താലിബാനെയും ഡൽഹി ആക്രമിക്കാൻ വന്ന ഭീകരനെയും ദിവസങ്ങളോളം മണ്ടന്മാരാക്കിയാണ് ഇന്റലിജൻസ് വിഭാഗം തങ്ങളുടെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്. ഒരു വെടിയുണ്ട പോലും അതിന് ചെലവായില്ലെന്നത് മറ്റൊരു പ്രത്യേകത.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സിനിമാക്കഥയെ വെല്ലും! ഭീകരനെ ചതിച്ച് കീഴ്‌പ്പെടുത്തി ഇന്ത്യൻ ഇന്റലിജൻസ്

ന്യൂഡൽഹി: ഒരു ത്രില്ലർ കഥയെ അനുസ്‌മരിപ്പിക്കും ഇന്റലിജൻസ് വിഭാഗത്തിന്റെ ആ ഓപ്പറേഷൻ. ഡൽഹിയിൽ ചാവേറായി പൊട്ടിത്തെറിച്ച് നിരവധി പേരെ കൊലപ്പെടുത്താൻ തയ്യാറായി വന്ന താലിബാൻ ഭീകരനെ ഇന്റലിജൻസ് വിഭാഗം പിടികൂടിയത് അക്ഷരാർത്ഥത്തിൽ സിനിമാക്കഥയെ വെല്ലുന്ന ഒരു ഓപ്പറേഷനാണ്.

Advertisment

2017 സെപ്റ്റംബറിലാണ് ഡൽഹി ആക്രമിക്കാൻ വന്ന ഭീകരനെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം ചതിച്ച് കീഴ്‌പ്പെടുത്തിയത്. രാജ്യതലസ്ഥാനത്ത് നിന്ന് പിടികൂടിയ ഈ ഭീകരനിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് പിന്നീട് പാക്കിസ്ഥാനിലെയും അഫ്‌ഗാനിസ്ഥാനിലെയും താലിബാൻ കേന്ദ്രങ്ങൾ തകർക്കാൻ അമേരിക്കൻ സൈന്യത്തിനെ സഹായിച്ചത്. ഒരു വെടിയുണ്ട പോലും അതിന് ചെലവായില്ലെന്നത് മറ്റൊരു പ്രത്യേകത.

ഏതാണ്ട് 18 മാസം നീണ്ട പരിശ്രമത്തിലൂടെയാണ് അഫ്‌ഗാനിസ്ഥാനിൽ നിന്നുളള ഭീകരനെ ഇന്ത്യ പിടികൂടിയത്. ഇന്ത്യയിലും അയൽ രാജ്യങ്ങളിലുമായി 12 ഇടത്ത് ചാവേർ സ്ഫോടനം നടത്താനാണ് താലിബാൻ-ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ സംഘത്തിന് പാക്കിസ്ഥാനിൽ പ്രത്യേക പരിശീലനം നൽകിയത്.

അഫ്‌ഗാനിസ്ഥാനിലെ ധനികനായ കച്ചവടക്കാരന്റെ മകനായ 25 വയസുകാരന് ഡൽഹിയായിരുന്നു ആക്രമണത്തിനായി ലഭിച്ച ഇടം. ഡൽഹിയിൽ എൻജിനീയറിങ് വിദ്യാർത്ഥിയായാണ് അയാൾ എത്തിയത്. ഡൽഹി-ഫരീദാബാദ് ദേശീയപാതയിൽ ഉളള എൻജിനീയറിങ് കോളേജിൽ അയാൾ പ്രവേശനവും തരപ്പെടുത്തി.

Advertisment

ഹോസ്റ്റലിലായിരുന്നു ഭീകരൻ താമസം തുടങ്ങിയത്. പക്ഷെ അവിടം അയാളുടെ ആഗമനോദ്ദേശ്യത്തിന് ചേർന്നതായിരുന്നില്ല. അതിനാൽ തന്നെ ലാജ്‌പത് നഗറിലെ അപാർട്ട്മെന്റിന്റെ താഴത്തെ ഫ്ലാറ്റിലേക്ക് അയാൾ താമസം മാറി. എന്നാൽ അയാളുടെ നീക്കങ്ങൾ ഓരോന്നും സെക്കന്റൊഴിയാതെ നിരീക്ഷിക്കപ്പെടുന്നുണ്ടായിരുന്നു. അതിന് നിയോഗിക്കപ്പെട്ടതാകട്ടെ 80 ഇന്റലിജൻസ് ഉദ്യോഗസ്ഥരും. ഒരു സെക്കന്റിന്റെ അശ്രദ്ധ കൊണ്ട് പോലും അവനെ കൈവിടാതിരിക്കാൻ അവർ ശ്രദ്ധിച്ചു.

പക്ഷെ അവനറിഞ്ഞില്ല, അവനൊപ്പം എന്ത് സഹായത്തിനും ഓടിനടന്നയാൾ തന്നെ ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നുവെന്ന്. ദുബായിൽ നിന്ന് അഫ്‌ഗാനിലേക്ക് പോയ വലിയൊരു തുകയുടെ പുറകിലൂടെ ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണമാണ് 12 ചാവേറുകളിലേക്ക് എത്തിച്ചത്. ഇന്ത്യയിലേക്ക് വരുന്ന ചാവേറിന് സഹായി എന്ന നിലയിലാണ് ഇസ്‌ലാമിക് സ്റ്റേറ്റുമായി ഇന്റലിജൻസിലെ തന്നെ ഒരംഗം വഴി ബന്ധപ്പെട്ടതും.

അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമാണ് ഇന്ത്യയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. ഈ സമയത്ത് തന്നെയാണ് 50000 ഡോളർ ദുബായിൽ നിന്ന് അഫ്‌ഗാനിലെ അക്കൗണ്ടിലേക്ക് അയക്കുന്നതും. പിന്നീട് ചോർത്തിയെടുത്ത ഫോൺ സംഭാഷണത്തിന്റെ ശബ്ദശകലങ്ങളും മറ്റും ഉപയോഗിച്ചായി ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നീക്കം. അതിലൂടെ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന ചാവേറിനെ തിരിച്ചറിയുകയും ചെയ്തു.

ഡൽഹിയിലെ കോളേജിൽ ഭീകരന് പ്രവേശനം നേടിക്കൊടുത്തതും ലാജ്‌പത് നഗറിലെ ഫ്ലാറ്റിൽ താമസം ഒരുക്കിക്കൊടുത്തതും ഇന്റലിജൻസായിരുന്നു. ആദ്യം മൂന്നാം നിലയിലെ ഫ്ലാറ്റായിരുന്നു തിരഞ്ഞെടുത്തതെങ്കിലും പിന്നീട് ഗ്രൗണ്ട് ഫ്ലോറിലെ അപ്പാർട്ട്മെന്റ് ഉറപ്പിച്ചു.

ആക്രമണം നടത്താനായി പിന്നീട് സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു അയാൾ. അങ്ങിനെ ഡൽഹി വിമാനത്താവളത്തിലും അൻസൽ പ്ലാസ മാളിലും വസന്ത് കുഞ്ച് മാളിലും ചാവേറെത്തി. പിന്നീട് അയാൾ സൗത്ത് എക്സ്റ്റൻഷൻ മാർക്കറ്റും സന്ദർശിച്ചു. ആക്രമണം നടത്താനുളള സ്ഥലം തിരഞ്ഞെടുത്ത ശേഷം അയാൾ ബോംബ് നിർമ്മിക്കാനുളള സാധനങ്ങൾ ആവശ്യപ്പെട്ടു.

ഈ ഘട്ടത്തിൽ വിവിധ രഹസ്യാന്വേഷണ സംഘങ്ങൾ ലാജ്‌പത് നഗറിലെ വസതിക്ക് ചുറ്റും തമ്പടിച്ചു. എന്നാൽ കഥയിൽ മറ്റൊരു ട്വിസ്റ്റുണ്ടായിരുന്നു. ബോംബിന് വേണ്ടി അയാൾക്ക് ലഭ്യമാക്കിയതെല്ലാം ബോംബിന്റെ സാമഗ്രികളെന്ന് തോന്നിക്കുന്ന ഒരിക്കലും പൊട്ടാത്ത വസ്തുക്കളായിരുന്നു. എന്നാൽ ബോംബ് നിർമ്മാണം പൂർത്തിയാക്കും മുൻപ് തന്നെ അയാളെ കൈയ്യോടെ പിടികൂടി കൂട്ടിലടച്ചു ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ.

പിന്നീട് അമേരിക്കൻ സുരക്ഷാ സേനയ്ക്ക് ഈ ഭീകരനെ കൈമാറി. ഇയാളിൽ നിന്നും പ്രധാന താലിബാൻ കേന്ദ്രങ്ങളെല്ലാം മനസിലാക്കിയ ശേഷം പാക്കിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും അമേരിക്കൻ സൈന്യം ആക്രമണം നടത്തി. ഭീകര സംഘടനയുടെ പ്രധാന കമ്മാന്റർമാരെയടക്കം ഇല്ലാതാക്കാൻ ഇതിലൂടെ സാധിച്ചുവെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.

Intelligence Taliban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: