ഇസ്ലാമബാദ്: കുൽഭൂഷൺ ജാദവിന്റെ മോചനത്തിനായി ഇന്ത്യൻ നയതന്ത്രനീക്കങ്ങൾ സജീവമായി പുരോഗമിക്കുന്നു. പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി ഗൗതം ബംബാവലെ പാക്ക് വിദേശകാര്യ സെക്രട്ടറിയുമായി കൂടികാഴ്ച നടത്തി. കുൽഭൂഷൺ യാദവിനെ വധശിക്ഷ വിധിച്ചതിന് എതിരെ ഇന്ത്യ അപ്പീൽ നൽകിയിട്ടുണ്ട്. പാക്കിസ്ഥാൻ കോടതിയിൽ നൽകേണ്ട അപ്പീൽ ഇന്ത്യൻ സ്ഥാനപതി പാക്ക് വിദേശകാര്യ സെക്രട്ടറിക്ക് കൈമാറി. കുൽഭൂഷണിന്റെ അമ്മയുടെ പേരിലാണ് ഹർജി. കുൽഭൂഷണ് യാദവിനെ നേരിൽ കാണാൻ അവസരം ഉണ്ടാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ കുൽഭൂഷൺ​ യാദവിന് അഭിഭാഷകകനെ അനുവദിക്കാൻ കഴിയില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പാക്കിസ്ഥാൻ. ഒരു ചാരന് അഭിഭാഷകനെ അനുവദിക്കാൻ കഴിയില്ല എന്ന് പാക്ക് വിദേശ കാര്യ സെക്രട്ടറി ഇന്ത്യൻ സ്ഥാനപതിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.


കുൽഭൂഷൺ യാദിവിന്റെ മെഡിക്കൽ റിപ്പോർട്ട് വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നരവർഷമായി കാണാതായ കുൽഭൂഷൺ യാദവ് ജീവനോടെ ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഇന്ത്യയുടെ നീക്കം. അതേ സമയം കുൽഭൂഷൺ യാദവിന് എതിരെ ചുമത്തിയ കേസിന്റെ വിശദാംശങ്ങളും, വധശിക്ഷ വിധിച്ച ഉത്തരവിന്റെ പകർപ്പും ഇന്ത്യൻ സ്ഥാനപതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ