ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ പ്രതിഷേധം. പ്രതിഷേധം അക്രമാസക്തമാകുകയും കല്ലേറിൽ, കെട്ടിടത്തിന്റെ ജനൽ ചില്ലുകളും മറ്റും തകരുകയും ചെയ്തു.

“2019 സെപ്റ്റംബർ 3 ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് മറ്റൊരു അക്രമാസക്തമായ പ്രതിഷേധം. പരിസരത്ത് നാശനഷ്ടങ്ങളും സംഭവിച്ചു,” കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു, ജനൽ ചില്ലുകൾ തകർന്നതിന്റെ ചിത്രവും പങ്കുവെച്ചു.

കശ്മീർ വിഷയത്തിന്റെ പേരിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിന് പുറത്ത് ഇത് രണ്ടാം തവണയാണ് അക്രമങ്ങൾ അരങ്ങേറുന്നത്. നേരത്തെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിൽ ഏറ്റുമുട്ടലുകൾ നടന്നിരുന്നു.

ലണ്ടൻ മേയർ സാദിഖ് ഖാൻ അക്രമത്തെ അപലപിക്കുകയും ഇതിനെ “അസ്വീകാര്യം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. “ഈ അസ്വീകാര്യമായ പെരുമാറ്റത്തെ ഞാൻ തീർത്തും അപലപിക്കുകയും നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്,” ഇന്ത്യൻ ഹൈക്കമ്മീഷന്റെ ട്വീറ്റിന് മറുപടിയായി അദ്ദേഹം ട്വീറ്റ് ചെയ്തു.

ഓഗസ്റ്റ് 15 ന് ലണ്ടനിലെ ഇന്ത്യൻ പ്രവാസികളുടെ സ്വാതന്ത്ര്യദിനാഘോഷം, എംബസി കെട്ടിടത്തിന് നേരെ കല്ലും മുട്ടയും എറിഞ്ഞ് പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook