ജിദ്ദ: ഇന്ത്യന്‍ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്ക യാത്ര ഇന്ന് ആരംഭിക്കും. ജിദ്ദയില്‍ നിന്നും രാവിലെ 9.45ന് ഗോവയിലേക്കാണ് ആദ്യ വിമാനം. മദീന സന്ദര്‍ശനത്തിന് ശേഷം ഇരുപത്തി രണ്ടു മുതലാണ് മലയാളി ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുക. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഹാജിമാരാണ് ജിദ്ദ വിമാനത്താവളം വഴി യാത്ര തിരിക്കുന്നത്. പന്ത്രണ്ട് വിമാനങ്ങളിലായി മൂവായിരത്തി അഞ്ഞൂറോളം ഹാജിമാര്‍ നാളെ നാട്ടിലേക്ക് മടങ്ങും.
ജിദ്ദ വഴി ഹജ്ജിനെത്തിയ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം ഈ മാസം പത്തിന് ആരംഭിക്കും. എട്ട് ദിവസമാണ് തീര്‍ഥാടകര്‍ മദീനയില്‍ താമസിക്കുക.19 മുതലാണ് മദീനയില്‍ നിന്നുള്ള ആദ്യ മടക്കയാത്ര വിമാനം. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കേരളത്തില്‍ നിന്നെത്തിയ ഹാജിമാര്‍ 13 മുതല്‍ മദീന സന്ദര്‍ശനം ആരംഭിക്കും. അതേ സമയം സ്വകാര്യ ഗ്രൂപ്പുകളിലെ തീര്‍ഥാടകര്‍ അടുത്ത ദിവസം മുതല്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. 1,69,940 പേരാണ് ഇന്ത്യയിൽനിന്ന് ഇത്തവണ ഹജ്ജ് നിർവഹിക്കാനെത്തിയത്.
മടക്കയാത്രയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായതായി ഹജ്ജ് മിഷന് അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകരുടെ ബാഗേജുകള്‍ വിമാന കമ്പനി അധികൃതര്‍ 24 മണിക്കൂര്‍ മുമ്പ് താമസ സ്ഥലത്ത് നിന്ന് സ്വീകരിക്കും. ഹാജിമാർക്കുള്ള സംസം വെള്ളം നേരത്തെ അതത് വിമാനത്താവളങ്ങളിൽ എത്തിച്ചിട്ടുണ്ട്.