അച്ഛന്‍ വിനോദാണ് നൈനികയ്ക്ക് അന്ന് പാന്‍ കേക്ക് ഉണ്ടാക്കിക്കൊടുത്തത്. പാലും പാലുല്‍പ്പന്നങ്ങളും അവള്‍ക്കു അലര്‍ജിയായതിനാല്‍ അതൊന്നും ചെര്‍ക്കാതെയാണ് പാന്‍ കേക്ക് കൂട്ട് തയ്യാറാക്കിയത്. അതിനിടയില്‍ അവള്‍ പറഞ്ഞു, ‘അച്ഛാ നമുക്ക് ഇതില്‍ കുറച്ചു ബ്ലാക്ക്‌ ബെറി ചേര്‍ക്കാം.’ മകളുടെ ഇഷ്ടത്തിന് ആഹാരം തയ്യാറാക്കുന്ന അച്ഛന്‍ അപ്പോള്‍ തന്നെ അതിലേക്കു ബ്ലാക്ക്‌ ബെറികള്‍ ചേര്‍ത്ത് പാന്‍ കേക്ക് ഉണ്ടാക്കി കൊടുത്തു.

അത് കഴിച്ചു നിമിഷങ്ങള്‍ക്കകം അവള്‍ കുഴഞ്ഞു വീണു. അപ്പോള്‍ തന്നെ വിനോദ് എപിപെന്‍ മുതലായ പ്രഥമ ശുശ്രൂഷ നല്‍ക്കാന്‍ ശ്രമിച്ചു. ഏഴു മിനുട്ടുകള്‍ക്കുള്ളില്‍ വൈദ്യ സഹായമെത്തിയെങ്കിലും നൈനികയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹൃദയ സ്തംഭനം മൂലം ആ ഒന്‍പതു വയസ്സ്കാരി മരിച്ചു.

ഹൃദയഭേദകമായ ഈ സംഭവം നടന്നത് മെയ്‌ 20 ന് ലണ്ടനിലെ ഹാരോ എന്നയിടത്താണ്‌. ആശുപത്രിയിലായ നൈനികയെ വെന്റ്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നൈനികയുടെ നിലയില്‍ മാറ്റമില്ലാത്തതിനാല്‍ വെന്റ്റിലേറ്റര്‍ സപ്പോര്‍ട്ട് എടുത്തു മാറ്റാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.

മകളുടെ ആകസ്മിക മരണം ഒരു ദുസ്വപ്നം പോലെയാണ് എന്നും, ജീവിച്ചിരിക്കുന്ന കാലത്തോളം അവളുടെ ഓര്‍മ്മകള്‍ കൂട്ടിനുണ്ടാകും എന്ന് നൈനികയുടെ അമ്മ ലക്ഷ്മി കൌള്‍ പറഞ്ഞതായി ‘ദി ഇന്‍ഡിപെന്‍ഡന്‍ഡ്’ റിപ്പോര്‍ട്ട്‌ ചെയ്തു.

മകള്‍ക്ക് പാൽ ഉത്പന്നങ്ങളോട്  അലര്‍ജ്ജി ഉണ്ടായിരുന്നതായി അറിയാമായിരുന്നു. അതിനു മരുന്നും കഴിച്ചിരുന്നു. എന്നാല്‍ ബ്ലാക്ക്‌ ബെറിയോട് അലര്‍ജ്ജി ഉണ്ടാകും എന്ന് കരുതിയില്ല. വേറെ ഒരു ഫ്രൂട്ടിനോടും അവള്‍ക്കു അലര്‍ജ്ജി ഇല്ലായിരുന്നു. പാന്‍ കേക്ക് വായില്‍ വച്ച് നിമിഷങ്ങള്‍ക്കകം അവളുടെ ദേഹമാകെ നീലിച്ചു. പിന്നെ അവള്‍ കുഴഞ്ഞു വീണു’, അലര്‍ജ്ജി റിസര്‍ച്ചിനായി ധന സമാഹരണം നടത്തവേ ലക്ഷ്മി പറഞ്ഞു.

മകളുടെ മരണത്തിനു ശേഷം വിവിധ അലര്‍ജ്ജികളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുന്നതില്‍ വ്യാപൃതരാണ് ലക്ഷ്മിയും വിനോദും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ