ഗുവാഹത്തി: സിക്കിം-ഭൂട്ടാൻ അതിർത്തിയിലെ ദോക്ലാം പീഠഭൂമി തർക്കത്തിന് പിന്നാലെ ഇന്ത്യയെ നേരിട്ട് പ്രകോപിപ്പിച്ച് ചൈനീസ് സർക്കാർ. ഇന്ത്യൻ അതിർത്തി കടന്ന് അരുണാചലിൽ നേരിട്ടെത്തിയാണ് ചൈനീസ് സംഘം റോഡ് നിർമ്മിക്കാൻ ശ്രമം നടത്തിയത്. ഇന്ത്യൻ സൈന്യം ഇവരിൽ നിന്ന് റോഡ് നിർമ്മാണ സാമഗ്രികൾ പിടിച്ചെടുത്തു.

അതേസമയം ഇരു സംഘങ്ങളും ഏറ്റുമുട്ടിയിട്ടില്ലെന്ന് ഇന്ത്യൻ പ്രതിരോധ കേന്ദ്രങ്ങളിൽ നിന്ന് അറിയിച്ചു. ഡിസംബർ 26 നാണ് ചൈനീസ് സൈന്യത്തിന്റെ അകമ്പടിയില്ലാതെ ഒരു ട്രക്കിൽ റോഡ് നിർമ്മിക്കുന്ന സംഘം അരുണാചൽ അതിർത്തി കടന്നത്. ഇവർ കപാംഗ് ലാ പ്രവിശ്യയിലെ സിയാംഗ് നദി മുറിച്ചുകടന്നില്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

ഇരുവിഭാഗവും ചർച്ചയിലൂടെ തർക്കം പരിഹരിച്ചതായാണ് വിവരം. എന്നാൽ റോഡ് നിർമ്മാണ സാമഗ്രികൾ തിരിച്ചുകൊടുക്കുന്ന കാര്യത്തിൽ ഇന്ത്യ നിലപാടെടുത്തിട്ടില്ല. ഇന്ത്യൻ അതിർത്തിയിൽ 12 അടി വീതിയുളള ഒരു കീലോമീറ്റർ നീളമുളള റോഡാണ് ചൈനീസ് സംഘം നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. ശീതകാലത്ത് ചൈനീസ് സംഘം ഇത്തരമൊരു നീക്കം നടത്തിയതിനെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ