കൊൽക്കത്ത: ക്രിക്കറ്റ് ഒരു മതമായും താരങ്ങളെ ദൈവങ്ങളായും കാണുന്ന രാജ്യം. ഈ രാജ്യത്തിലെ ഓരോ ക്രിക്കറ്റ് പ്രേമിയുടെയും, ആരാധകന്റെയും വികാരങ്ങൾ അത്രത്തോളം ക്രിക്കറ്റിനോട് അലിഞ്ഞ് ചേർന്നിട്ടുണ്ട്. അതിന് അടിവരയിടുകയാണ് ഇന്നലെ നടന്ന സംഭവം. ലോകകപ്പിലെ ഇന്ത്യൻ പ്രതീക്ഷകൾ ധോണിയുടെ റൺഔട്ടിൽ അവസാനിച്ചപ്പോൾ ഓരോ ക്രിക്കറ്റ് ആരാധകന്റെയും നെഞ്ചൊന്നു പിടഞ്ഞു. അതേ അവസ്ഥയിലായ ശ്രീകാന്ത് മേഠി എന്ന 33 കാരൻ പിന്നെ ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. ധോണിയുടെ റൺഔട്ട് കണ്ട ശ്രീകാന്ത് അപ്പോൾ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊൽക്കത്തയിൽ സൈക്കിൾ കട നടത്തുന്ന ആളാണ് ശ്രീകാന്ത് മേഠി. കടയിൽ തന്നെ കളി കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. ധോണിയുടെ റൺഔട്ടിന് പിന്നാലെ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ധോണിയുടെ വിക്കറ്റ് വീണതോടെയാണ് ഇന്ത്യൻ പ്രതീക്ഷകൾ പൂർണമായും അവസാനിച്ചത്. അർധസെഞ്ചുറി തികച്ചതിന് പിന്നാലെയാണ് ധോണി റൺഔട്ടാകുന്നത്. ഓള്‍ഡ്ട്രാഫോഡില്‍ ന്യൂസിലന്‍ഡിനെതിരെ 18 റണ്‍സിന് പരാജയപ്പെട്ട് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്താവുകയും ചെയ്തു.

അതേസമയം, ധോണിയുടെ പുറത്താകല്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വിവാദമായി മാറിയിരിക്കുകയാണ്. റിങ്ങിന് പുറത്ത് ആറ് ഫീല്‍ഡര്‍മാരുണ്ടായിരുന്നുവെന്നും അതിനാല്‍ ധോണി പുറത്തായ പന്ത് നോ ബോള്‍ വിളിക്കേണ്ടിയിരുന്ന പന്താണെന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ ഇപ്പോള്‍ ആരോപിക്കുന്നത്. നിയമപ്രകാരം തേര്‍ഡ് പവര്‍പ്ലേയില്‍ പരമാവധി അഞ്ച് ഫീല്‍ഡര്‍മാര്‍ക്കാണ് 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നില്‍ക്കാനാവുക. ഈ പിഴവ് അമ്പയര്‍മാര്‍ കാണാതെ പോവുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook