അഹമ്മദാബാദ്: ദിവസങ്ങൾക്ക് മുമ്പ് യുഎസ്-കാനഡ അതിർത്തിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. മരിച്ച നാല് പേരും ഗുജറാത്തിലെ ഡിങ്കുച ഗ്രാമത്തിലെ കലോൾ തഹസിലെ താമസക്കാരാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ വെള്ളിയാഴ്ച രാവിലെ അറിയിച്ചു.
അനധികൃതമായി യുഎസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവെ ജനുവരി 19ന് യുഎസ്-കാനഡ അതിർത്തിക്കടുത്തുള്ള കാനഡയിലെ മാനിറ്റോബ പ്രവിശ്യയിൽ വച്ചാണ് കൊടുംശൈത്യത്തിൽ ഇവർക്ക് ജീവൻ നഷ്ടമായത്.
മരിച്ചവർ ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി പട്ടേൽ (37) ഇവരുടെ മകൾ വിഹാംഗി പട്ടേൽ (11), മകൻ ധാർമിക് പട്ടേൽ (3) എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കുടുംബനാഥനായ ജഗദീഷ് മുമ്പ് സ്‌കൂൾ അധ്യാപകനായി ജോലി ചെയ്യുകയും പിന്നീട് കലോളിൽ വിവിധ ബിസിനസ്സുകൾ നടത്തുകയും ചെയ്‌തിരുന്നു. ജഗദീഷിന്റെ പിതാവ് ബൽദേവ് പട്ടേലും ഗ്രാമം വിട്ടുപോയതിനാൽ ഡിങ്കുച്ചയിലെ ഇവരുടെ ഒറ്റനില വീട് പൂട്ടികിടക്കുകയാണ്. രണ്ടാഴ്ച മുൻപാണ് സന്ദർശക വിസയിൽ കുടുംബം കാനഡയിലേക്ക് എത്തിയതെന്ന് അധികൃതർ പറഞ്ഞു.
നാലംഗ കുടുംബത്തെ കലോളിലെ ഡിങ്കുച ഗ്രാമത്തിൽ നിന്ന് കാനഡയിലേക്കുള്ള യാത്രയ്‌ക്ക് ശേഷം കഴിഞ്ഞ ഒരാഴ്ചയായി കാണാതായതായി ഇന്ത്യൻ എക്‌സ്പ്രസ് ജനുവരി 24ന് റിപ്പോർട്ട് ചെയ്തിരുന്നു.
“2022 ജനുവരി 19 ന് മാനിറ്റോബയിലെ കാനഡ- യുഎസ് അതിർത്തിക്ക് സമീപം മരിച്ച നാല് പേരും ഇന്ത്യൻ പൗരന്മാരാണെന്ന് കനേഡിയൻ അധികൃതർ സ്ഥിരീകരിച്ചു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മരിച്ചവരുടെ കുടുംബവുമായി ബന്ധപ്പെടുകയും എല്ലാ പിന്തുണയും നൽകുകയും ചെയ്യുന്നു. ഇവർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൈക്കമ്മീഷൻ അതിന്റെ ആത്മാർത്ഥമായ സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നു,” ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞു.
ജനുവരി 19ന്, റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) കാനഡയിലെ എമേഴ്‌സൺ നഗരത്തിന് സമീപം തണുത്ത് മരിച്ച നിലയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അതേ ദിവസം തന്നെ, രേഖകളില്ലാത്ത രണ്ട് ഇന്ത്യൻ പൗരന്മാരെ തന്റെ വാഹനത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ചതിന് അമേരിക്കക്കാരനായ സ്റ്റീവ് ഷാൻഡ് എന്നയാളെ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു.
നുഴഞ്ഞുകയറാൻ ശ്രമിച്ചുവെന്നാരോപിച്ച് രേഖകളില്ലാത്ത അഞ്ച് ഇന്ത്യൻ പൗരന്മാരെക്കൂടി യുഎസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഏഴ് പേരും മരിച്ച നിലയിൽ കണ്ടെത്തിയ നാല് പേരും ഒരേ സംഘത്തിൽ പെട്ടവരാണെന്നാണ് നിഗമനം.