ന്യൂഡല്‍ഹി:യുഎസില്‍ ചിലരില്‍ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായത് ഇന്ത്യന്‍ നിര്‍മ്മിത ഐഡ്രോപ്പ് ഉപയോഗിച്ചതിനെ തുടര്‍ന്നാണെന്ന യുഎസ് ആരോപണം തള്ളി ഇന്ത്യ. ഇന്ത്യയുടെ ഉന്നത ഡ്രഗ് കണ്‍ട്രോളറും സ്‌റ്റേറ്റ് ഡ്രഗ് റെഗുലേറ്ററും നടത്തിയ പരിശോധനയില്‍ സാമ്പിളുകള്‍ നിലവാരമുള്ളതാണെന്ന് കണ്ടെത്തി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഐ ഡ്രോപ്പ് ഉപയോഗിച്ചത് മൂലമാണ് മൂന്ന് മരണങ്ങളും എട്ട് കാഴ്ചക്കുറവുണ്ടായ സംഭവവും ഐബോള്‍ നീക്കം ചെയ്ത നാല് കേസുകളും സംഭവിച്ചതെന്നാണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറഞ്ഞത്.
സാമ്പിളുകളില്‍ ബാക്ടീരിയല്‍ കണ്ടാമിനേഷന്‍ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കയറ്റുമതി ചെയ്ത അതേ ബാച്ചുകളില്‍ നിന്നുള്ള മരുന്നുകളുടെ സാമ്പിളുകള്‍ ഗുണനിലവാര നിയന്ത്രണ പ്രക്രിയകളുടെ ഭാഗമായി കമ്പനി സംരക്ഷിക്കുന്നതണെന്നും അധികൃതര്‍ പറഞ്ഞു.
രാജ്യത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത അണുബാധയായ ഗുരുതരമായ ബാക്ടീരിയ അണുബാധ സ്യൂഡോമോണസ് എരുഗിനോസ ഉള്ളവരില്‍ കണ്ടെത്തിയതായി യുഎസ് സിഡിസി പറഞ്ഞിരുന്നു. രോഗികളില്‍ നിന്ന് ശേഖരിച്ച തുറന്ന കുപ്പികളില്‍ ബാക്ടീരിയ കണ്ടെത്തിയെങ്കിലും, തുറക്കാത്ത കുപ്പികളിലും ബാക്ടീരിയല്‍ മലിനീകരണം ഉണ്ടോ എന്ന് പരിശോധിക്കാനുള്ള പരിശോധനകള്‍ നടന്നുവരികയാണെന്ന് സിഡിസി അപ്ഡേറ്റ് പറഞ്ഞു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഫെബ്രുവരിയില്‍ ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനി സ്വമേധയാ മരുന്നുകള്‍ തിരിച്ചുവിളിച്ചിരുന്നു.
പ്രതികൂല പ്രതികരണം, ഉല്‍പ്പന്നം തിരിച്ചുവിളിക്കല്‍ തുടങ്ങിയ വാര്‍ത്തകളെത്തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം, എല്ലാ നേത്ര പരിചരണ ഉല്‍പ്പന്നങ്ങളുടെയും നിര്‍മ്മാണം കമ്പനി നിര്‍ത്തിവച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അതീവ ജാഗ്രതയോടെ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കുന്നത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎസ് എഫ്ഡിഎയുടെയും സിഡിസിയുടെയും ഇന്ത്യന്‍ പകര്‍പ്പായ സിഡിഎസ്സിഒയ്ക്കും എന്‍സിഡിസിക്കും യുഎസില്‍ നിന്ന് ഔദ്യോഗിക ആശയവിനിമയമൊന്നും ലഭിച്ചിട്ടില്ലെന്നും വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡ്രഗ് കണ്‍ട്രോളര്‍ യുഎസിലേക്ക് കത്തയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.