/indian-express-malayalam/media/media_files/2025/03/28/k12P4Duxp69Dl68GONfX.jpg)
Indian Express Power List
Indian Express Power List 2025: രാജ്യത്തെ ഏറ്റവും പ്രബലരായ വ്യക്തികളുടെ പട്ടിക ഇന്ത്യൻ എക്സ്‌പ്രസ് പുറത്തിറക്കി. രാഷ്ട്രീയം, വ്യവസായം, കായികം, സിനിമ തുടങ്ങി എല്ലാ മേഖലകളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തിയാണ് ഇന്ത്യയിലെ ഏറ്റവും പ്രബലരായ വ്യക്തികളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വർഷവും ഐഇ 100 ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.
ഇന്ത്യയുടെ ചരിത്രത്തിൽ, ജവഹർലാൽ നെഹ്‌റുവിന് ശേഷം മൂന്നാം തവണയും അധികാരത്തിലെത്തിയ ഒരേയൊരു പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ജനപ്രീതി തെല്ലും കുറയാതെ തുടരുകയാണ്. കഴിഞ്ഞ വർഷവും മോദി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
2024ൽ, ഇന്ത്യയിലെ ഏറ്റവും പ്രബലരായ വ്യക്തികളിൽ രണ്ടാം സ്ഥാനമുണ്ടായിരുന്ന, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വർഷവും സ്ഥാനം നിലനിർത്തി. ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലൂടെയും സംഘടനാപരമായ ചലനാത്മകത കൈകാര്യം ചെയ്യുന്നതിലൂടെയും രാജ്യത്ത് വൻ ജനസ്വീകാര്യതയാണ് അമിത് ഷായ്ക്ക് ഉള്ളത്.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആണ് പ്രബലരിൽ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ അഞ്ചാം സ്ഥാനത്തു നിന്ന് മൂന്നിലേക്കുള്ള മുന്നേറ്റം, അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ഇടപെടലുകളെ ഉയർത്തിക്കാട്ടുന്നു. ആറു വർഷ കാലയളവിൽ മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളായി ഉയർന്നുവരാൻ ആദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.
ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്നു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആണ് അഞ്ചാം സ്ഥാനത്ത്. എട്ടാം സ്ഥാനത്തു നിന്നാണ് നിർമ്മല സീതാരാമൻ അഞ്ചിലേക്ക് ഉയർന്നത്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പട്ടികയിൽ ഒൻപതാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വർഷം 16-ാം സ്ഥാനത്തായിരുന്നു. പാർലമെന്റിലും പുറത്തും ബിജെപി വിരുദ്ധ മുന്നണിയുടെ മുഖമായ രാഹുലിന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പിലടക്കം പ്രശംസയും ശ്രദ്ധയും നേടിയിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ആണ് പട്ടികയിൽ പത്താം സ്ഥാനത്ത് എത്തിയത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് പത്തിൽ എത്തിയത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അമ്പാനിക്കു പിന്നിലായി പതിനൊന്നാം സ്ഥാനത്തുണ്ട്. ഒരു സ്ഥാനം നഷ്ടപ്പെടുത്തിയാണ് പതിനൊന്നിലെത്തിയത്. കഴിഞ്ഞ വർഷം പത്താം സ്ഥാനത്തായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിൻ പ്രബലരായ ഇന്ത്യക്കാരിൽ 23-ാം സ്ഥാനം നേടി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ ജയ് ഷാ 24-ാം സ്ഥാനത്തെത്തി. വ്യവസായി നിത അംബാനി 26, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ 33, ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് 36 സ്ഥാനവും നേടി.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പട്ടികയിൽ 41-ാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വർഷം 49-ാം സ്ഥാനത്തുണ്ടായിരുന്നു പിണറായി വിജയൻ എട്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഈ വർഷം 41ൽ എത്തിയത്. ഫെഡറലിസം, സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കൽ, ധ്രുവീകരണ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരായ പിണറായി വിജയന്റെ പോരാട്ടങ്ങൾ രാജ്യ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ പട്ടികയിൽ 48-ാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം 68-ാം സ്ഥാനത്തുണ്ടായിരുന്ന രോഹിത്, ഐസിസി ട്രോഫികളിലെ തുടർ വിജയങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയിരുന്നു. അതേസമയം കഴിഞ്ഞ വർഷം 38-ാം സ്ഥാനത്തുണ്ടായിരുന്ന ക്രിക്കറ്റ് താരം വിരാട് കോഹ്ലി പട്ടികയിൽ 72-ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് 74-ാം സ്ഥാനത്ത് എത്തി. കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി 81-ാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വർഷം 62-ാം സ്ഥാനത്തായിരുന്നു. കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 82-ാം സ്ഥാനം നേടി. ക്രിക്കറ്റ് താരം ജസ്പ്രിത് ബുമ്ര 83, തെലുങ്ക് നടൻ അല്ലു അർജുൻ 92, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ 97, അമിതാഭ് ബച്ചൻ 99, ആലിയ ഭട്ട് 100 സ്ഥാനവും നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.