അഹമ്മദാബാദ്: ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഭാഷാ സംരംഭമായ ഐഇ ഗുജറാത്തി ഡോട്ട് കോമിന് (ieGujarati.com) മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഇന്നു തുടക്കം. എക്‌സ്‌പ്രസ് ഗ്രൂപ്പിന്റെ നാലാമത്തെ പ്രാദേശിക ഭാഷാ വെബ്സൈറ്റാണു ഗുജറാത്തിയിലേത്. നേത്തെ ആരംഭിച്ച മലയാളം, തമിഴ്, ബംഗ്ലാ ഭാഷാ വെബ്‌സൈറ്റുകള്‍ മാധ്യമരംഗത്തെ സജീവവും ശ്രദ്ധേയവുമായ സാന്നിധ്യമാണ്.
അന്വേഷണാത്മകവും വിശദീകരണാത്മകവുമായ മാധ്യപ്രവര്‍ത്തനത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ട്രേഡ്‌മാർക്ക് ശൈലി ആവിഷ്‌കരിക്കുന്നതില്‍ ഐഇ ഗുജറാത്തി ഡോട്ട് കോം ശ്രദ്ധ കേന്ദ്രീകരിക്കും. ഗുജറാത്തിലെ വായനക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പതിവ് കോളങ്ങളും അതുല്യമായ സീരീസുകളും അവതരിപ്പിക്കുെന്നതിനൊപ്പം ലോകമെമ്പാടുമുള്ള മാറിക്കൊണ്ടിരിക്കുന്ന മാധ്യമ രീതികളും വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നു.
”ഗുജറാത്തുമായും ഗുജറാത്തി ഭാഷയുമായും ഇന്ത്യന്‍ എക്സ്പ്രസിനു ദീര്‍ഘകാല ബന്ധമുണ്ട്. ഗുജറാത്തി എഡിഷന്‍ പുറത്തിറക്കിയ ആദ്യ ബിസിനസ് ദിനപത്രം ഫിനാന്‍ഷ്യല്‍ എക്സ്പ്രസാണ്. 1991-ല്‍ ആദ്യ ഗുജറാത്തി എഡിഷന്‍ പുറത്തിറക്കിയ ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് നിലവില്‍ സംസ്ഥാനത്തുടനീളം പ്രസിദ്ധീകരിക്കുന്നത് തുടരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് വഡോദരയിലും അഹമ്മദാബാദിലും ജനപ്രിയ എഡിഷനുകളുണ്ട്,” എക്സ്പ്രസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് ഗോയങ്ക പറഞ്ഞു.
”ഞങ്ങളുടെ സ്ഥാപകന്‍ രാംനാഥ് ഗോയങ്കയുടെ നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ സിഗ്‌നേച്ചര്‍ ശൈലി സ്വന്തം ഭാഷയില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ഐഇ ഗുജറാത്തി ഡോട്ട് കോം ആരംഭിക്കുകയാണ്. സത്യസന്ധതയ്ക്കും കൃത്യതയ്ക്കും വേണ്ടി പ്രതിജ്ഞാബദ്ധമായിരിക്കും അഹമ്മദാബാദില്‍ ആരംഭിച്ചിരിക്കുന്ന ഈ ന്യൂസ് റൂം. ഗുജറാത്തിന്റെയും രാജ്യത്തിന്റെയും പ്രത്യേക വാര്‍ത്താ ആവശ്യകതകള്‍ നിറവേറ്റാന്‍ എക്സ്പ്രസ് ഗ്രൂപ്പ് നടത്തുന്ന മറ്റൊരു പരിശ്രമമാണിത്. ഈ പുതിയ യാത്രയില്‍ ഞങ്ങള്‍ ആവേശഭരിതരാണ്,” അനന്ത് ഗോയങ്ക പറഞ്ഞു.
90 വര്‍ഷത്തിലേറെ നീണ്ട സവിശേഷമായ പാരമ്പര്യമുള്ള, ഭയമോ പക്ഷപാതമോ ഇല്ലാതെ ധീരമായ പത്രപ്രവര്‍ത്തനത്തിന് പ്രതിജ്ഞാബദ്ധരായ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ്, ആഗോളതലത്തില്‍ 200 ദശലക്ഷത്തിലധികം ഓണ്‍ലൈന്‍ വായനക്കാരുള്ള ഏറ്റവും വലിയ ഓണ്‍ലൈന്‍ വാര്‍ത്താ സ്ഥാപനങ്ങളിലൊന്നാണ്.